ചൈനയിൽ 33 കാരിയായ യുവതി തൻ്റെ 61 കാരനായ ഭർത്താവിന് മറ്റൊരു ഭാര്യയുണ്ടെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ 28 മില്യൺ ഡോളർ (2,32,74,30,000 രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകി. പിന്നാലെ ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ ഈ കേസ് വൈറലായി.

തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ നിന്നുള്ള പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത യുവതിയാണ് 10 വർഷത്ത ദാമ്പത്യത്തിനിടെ തന്റെ ഭർത്താവിന് മറ്റൊരു ഭാര്യയുണ്ടെന്ന് കണ്ടെത്തിയത്. 2015 ൽ വിവാഹം കഴിച്ച ഇരുവർക്കും അഞ്ച് ആൺമക്കളും മൂന്ന് പെൺമക്കളുമുണ്ടെന്ന് സ്റ്റാർ വീഡിയോ റിപ്പോർട്ട് ചെയ്യുന്നു.

സിചുവാൻ പ്രവിശ്യയിലെ സമ്പന്ന കുടുംബത്തിൽ നിന്നുള്ള യുവതി പത്ത് വർഷങ്ങൾക്ക് മുമ്പ് തന്റെ 23 മത്തെ വയസിൽ ഓൺലൈനിലൂടെയാണ് ഭർത്താവിനെ കണ്ടെത്തിയത്. പരിജയപ്പെട്ടപ്പോൾ അവിവാഹിതനാണ് എന്നാണ് അദ്ദേഹം തന്നോട് പറഞ്ഞതെന്നും അതിനാൽ തങ്ങളുടെ ബന്ധം നിയമപരമാണെന്നും യുവതി സ്റ്റാർ വീഡിയോയോട് പറഞ്ഞു. 2015 ൽ വിവാഹം കഴിക്കുമ്പോൾ തന്നെ 10 കുട്ടികൾ വേണമെന്ന് തങ്ങൾ തീരുമാനിച്ചിരുന്നു. ‘കുട്ടികളിൽ ഒരാളെങ്കിലും ജീവിതത്തിൽ വിജയിക്കുമെന്നാണ് അദ്ദേഹം തന്നോട് പറഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു. യുവതി സ്റ്റാർ വീഡിയോയ്ക്ക് മുന്നിൽ കാണിച്ച ജനന സർട്ടിഫിക്കറ്റിൽ കുട്ടികൾ അമേരിക്കയിൽ വാടക അമ്മയ്ക്ക് ജനിച്ചതാണെന്ന് വ്യക്തമാക്കുന്നു.

അഞ്ച് ആൺമക്കളുടെയും മൂന്ന് പെൺമക്കളുടെയും ജനനത്തിനായി അവർ 10 ദശലക്ഷം യുവാൻ (11,63,38,600 രൂപ) ചെലവഴിച്ചതായും യുവതി അവകാശപ്പെട്ടു. എന്നാൽ, എട്ടാമത്തെ കുട്ടിയുടെ ജനനത്തിന് ശേഷം വിദേശത്തേക്ക് കടന്ന ഭർത്താവ്, തനിക്ക് നൽകിയ സ്വത്തുക്കൾ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം കേസ് ഫയൽ ചെയ്തു. ഇതോടെ താൻ തകർന്ന് പോയതായും യുവതി പറയുന്നു. പിന്നാലെ അയാൾക്ക് മറ്റൊരു ഭാര്യയുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ താൻ തകർന്നു പോയി.

എന്നാൽ, കുട്ടികളെ താൻ ഭർത്താവിന് കൊടുക്കില്ലെന്നും അവരെ വളർത്താൻ പ്രതിമാസം 200,000 യുവാൻ (1,38,92,280 രൂപ) ചെലവുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പണം കണ്ടെത്തുന്നതിനായി അവർ ഭർത്താവിനും അയാളുടെ കുടുംബത്തിനുമെതിരെ 2,32 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ചൈനീസ് കോടതിയിൽ കേസിൻ്റെ വിചാരണ ആരംഭിച്ചത്. പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ കേസ് വൈറലായി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചൈനയിൽ വിവാഹ മോചന വാർത്തകൾക്ക് സാമൂഹിക മാധ്യമങ്ങളിൽ ചൂടേറിയ സംവാദങ്ങൾക്കാണ് വഴി തുറക്കുന്നതെന്ന് സൌത്ത് ചൈന മോണിംഗ് പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.


