ക്രിമിനൽ കുറ്റങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കും ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റും ഡ്രൈവ് ചെയ്തയാളുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മോട്ടോര്‍ വാഹന വകുപ്പ് ആലപ്പുഴ ടൗണ്‍ ഹാളില്‍ നടത്തിയ പരാതി പരിഹാര അദാലത്ത് – വാഹനീയം 2022- ഉദ്ഘാടനം ചെയ്ത സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇനി മുതല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തും. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മോട്ടോര്‍ വാഹന നിയമങ്ങള്‍ കൂടുതല്‍ സുഗമമായി നടപ്പാക്കും. അപേക്ഷകളില്‍ തീരുമാനം അനിശ്ചിതമായി നീളുന്ന സ്ഥിതി ഇനി ഉണ്ടാകില്ല. റോഡുകളിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളുടെ ട്രയല്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു.



