റൈസിങ്ങ് പൂഞ്ഞാർ പ്രൊജക്ടിലൂടെ 2456 കോടി രൂപയുടെ നിക്ഷേപ താത്പര്യമാ ണ് ലഭിച്ചിരിക്കുന്നത്. പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ അഭിനന്ദിച്ചു കൊണ്ടുള്ള മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ:-
പൂഞ്ഞാർ നിയോജക മണ്ഡലം എം എൽ എ ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റൈസിങ്ങ് പൂഞ്ഞാർ 2k25 നിക്ഷേപക സംഗമം വലിയ വിജയമാണ് നേടിയിരിക്കുന്നത്. ഈ സംഗമത്തിലൂടെ 308 സംരംഭകരിൽ നിന്നായി 2456.88 കോടി രൂപയുടെ താല്പര്യപത്രങ്ങളാണ് മണ്ഡലത്തിന് ലഭിച്ചിരിക്കുന്നത്. ഇതിൽ 38 സംരംഭങ്ങൾ പത്തു കോടി രൂപയിലധികം മുതൽമുടക്ക് വരുന്നതും, 88 സംരംഭങ്ങൾ ഒരു കോടിയിലധികം രൂപ മുതൽമുടക്ക് വരുന്നതുമാണ്. ഇതുവഴി 11342 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ നിക്ഷേപക സംഗമത്തിൽ ബഹു. ജലവിഭവവകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിനും രാജ്യസഭാംഗം ശ്രീ. ജോസ് കെ മാണിയും വിവിധ സെഷനുകളിൽ പങ്കെടുത്തു.

റൈസിങ് പൂഞ്ഞാറിൽ ലഭിച്ച താല്പര്യ പത്രങ്ങൾ ഒരു പ്രത്യേക-ഡാഷ് ബോർഡ് രൂപീകരിച്ച് നടപടിക്രമങ്ങൾ പാലിച്ച് സമയബന്ധിതമായി സംരംഭങ്ങൾ ആരംഭിക്കാൻ അവസരം ഒരുക്കും. സംസ്ഥാനം വ്യവസായ പുരോഗതിയിൽ കുതിച്ചുചാട്ടത്തിലാണിപ്പോൾ. ഹൈടെക് വ്യവസായങ്ങൾ കൂടുതലായി വരുന്ന സംസ്ഥാനത്ത് വ്യവസായ പുരോഗതിക്കായി ഡിജിറ്റലൈസേഷന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്താനും സർക്കാർ ശ്രമിക്കുന്നുണ്ട്.

മണ്ഡലത്തിൻ്റെ സാധ്യതകളും സാഹചര്യങ്ങളും അനുസരിച്ച് ടൂറിസം മേഖല, അഗ്രി ഫുഡ് പ്രോസസിംഗ്, ഐടി സംരംഭങ്ങൾ, മരാധിഷ്ഠിത വസായങ്ങൾ, റബർ അധിഷ്ഠിത വ്യവസായങ്ങൾ എന്നീ സെക്ടറുകളെ ഫോക്കസ് ചെയ്തുകൊണ്ടും ഇതിനൊപ്പം മറ്റ് സംരംഭക മേഖലകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടും നിക്ഷേപം ആകർഷിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിൻ്റെ വാക്കുകൾ മണ്ഡലത്തിൻ്റെ കാര്യത്തിൽ അദ്ദേഹം കൃത്യമായ വിലയിരുത്തൽ നടത്തിയാണ് മുന്നോട്ടുപോകുന്നത് എന്ന കാര്യം അടയാളപ്പെടുത്തുകയാണ്. തീർച്ചയായും ഈ നിക്ഷേപവാഗ്ദാനങ്ങൾ വളരെപ്പെട്ടെന്ന് യാഥാർത്ഥ്യമാക്കാൻ സാധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കേരളത്തിനൊപ്പം പൂഞ്ഞാറും കുതിക്കും.. സർക്കാർ ഒപ്പമുണ്ട്.



