തിരുവനന്തപുരം നെടുമങ്ങാട് വലിയമലയിൽ ഭാര്യാ മാതാവിനെ മരുമകൻ കുത്തി പരിക്കേൽപ്പിച്ചു. നെടുമങ്ങാട് വാണ്ട സ്വദേശി സീതയെയാണ് മരുമകൻ തലയിൽ കത്തി കൊണ്ട് കുത്തി പരിക്കേൽപിച്ചത്. കുടുംബ പ്രശ്നമാണെന്നാണ് പ്രാഥമിക നിഗമനം.

ഉച്ചയ്ക്ക് 11.30 ഓടെ വലിയമല കൊറളിയോട് വച്ചാണ് ആക്രമണമുണ്ടായത്. സിതയും ആറുവയസുള്ള കൊച്ചുമകളും ചുള്ളിമാനൂരിലേക്ക് പോയ ശേഷം തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് മരുമകൻ ശ്രീകുമാർ സീതയുടെ തലക്ക് കുത്തിപരിക്കേൽപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ സീതയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശ്രീകുമാറിനെ വലിയമല പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.



