നടിയെ ആക്രമിച്ച കേസിൽ നടി മഞ്ജു വാര്യരുടെ മൊഴി നിർണായകമാകും. കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു എന്നായിരുന്നു മഞ്ജു വാര്യരുടെ മൊഴി.നടിയെ ആക്രമിച്ച കേസിൽ 28ഓളം പേരായിരുന്നു മൊഴി മാറ്റിയിരുന്നത്. ആദ്യവസാനം പറഞ്ഞ മൊഴിയിൽ ഉറച്ചുനിന്ന ആളാണ് മഞ്ജു വാര്യർ. കാവ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ വീട്ടിൽ വഴക്കുണ്ടായിട്ടുണ്ട് എന്നുൾപ്പെടെയായിരുന്നു മഞ്ജുവിന്റെ മൊഴി. ദിലീപിന്റെ ഫോണിൽ നിന്ന് ലഭിച്ച ചില സൂചനകളിൽ നിന്നാണ് മഞ്ജു ദിലീപും കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് ആദ്യമറിയുന്നത്. പിന്നീട് മഞ്ജു ഇതിനെക്കുറിച്ച് ആക്രമിക്കപ്പെട്ട നടിയോട് ചോദിച്ചു. കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് മഞ്ജുവിനോട് പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയാണെന്ന് ദിലീപ് സംശയിച്ചിരുന്നു. തന്റെ ജീവിതം തകർത്തത് ഈ നടിയാണെന്ന് ദിലീപ് ഇക്കാലത്ത് പലരോടും പറഞ്ഞ് നടന്നിട്ടുമുണ്ട്. ഈ വിവരങ്ങൾ ഉൾപ്പെടെ മഞ്ജു വാര്യരുടെ മൊഴിയിലുണ്ടായിരുന്നു.

കേസിൽ ക്രിമിനൽ ഗൂഢാലോചന നടന്നെന്ന് ആദ്യം പറഞ്ഞവരിൽ ഒരാളും മഞ്ജു വാര്യരായിരുന്നു. 2017 ജൂൺ 21നാണ് കേസിൽ മഞ്ജു വാര്യർ മൊഴി നൽകുന്നത്. കേസിൽ ദിലീപിനെ എട്ടാം പ്രതിയാക്കുന്നതിൽ ഉൾപ്പെടെ മഞ്ജു വാര്യരുടെ മൊഴി നിർണായകമായിരുന്നു. നിരവധി പേർ മൊഴി മാറ്റിയപ്പോഴും പറഞ്ഞ മൊഴിയിൽ മഞ്ജു വാര്യർ ഉറച്ചുനിന്നു. 2017 ഫെബ്രുവരി 17ന് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിലാണ് യുവനടി ആക്രമിക്കപ്പെട്ടത്. ആദ്യഘട്ടത്തിൽ പ്രതി ചേർക്കാതിരുന്ന നടൻ ദീലീപിനെ തെളിവുകളുടെ അടിസ്ഥാനത്തിൽ ജൂലൈ 10-ന് അറസ്റ്റ് ചെയ്തു. പിന്നാലെ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കി. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബർ മൂന്നിന് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചു.


