അവിവാഹിതർക്ക് പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. 45-നും 60-നുമിടയിൽ പ്രായമുള്ള 1.80 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് 2,750 രൂപ മാസം പെൻഷനായി നൽകുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ പ്രഖ്യാപിച്ചു. അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് ഹരിയാന.

മൂന്ന് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള 40-നും 60-നും ഇടയിൽ പ്രായമുള്ള വിധവകൾക്കും പെൻഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവർക്കും മാസം 2,750 രൂപയായിരിക്കും പെൻഷനായി ലഭിക്കുക. പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് 60 വയസ്സിന് ശേഷം വാർധക്യ പെൻഷൻ ലഭിക്കുമെന്നും ഖട്ടാർ അറിയിച്ചു.
ഇൻസ്പെക്ടർ റാങ്ക് വരെയുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് യാത്ര ബത്ത കഴിഞ്ഞമാസം സർക്കാർ പ്രഖ്യാപിച്ചിരുന്നു. കോൺസ്റ്റബിൾ റാങ്കിലുള്ളവർക്ക് 200 രൂപയും അസിസ്റ്റന്റ് സബ് ഇൻസ്പെടക്ടർമാർക്ക് 250 രൂപയും സബ് ഇൻസ്പെക്ടർമാർക്ക് 300 രൂപയും ഇൻസ്പെക്ടർ റാങ്കിലുള്ളവർക്ക് 400 രൂപയുമായിരുന്നു പ്രഖ്യാപിച്ചത്. ജൂൺ 25-നായിരുന്നു പ്രഖ്യാപനം.




