അടുത്ത രാമനവമി അയോധ്യയിലെ രാമക്ഷേത്രത്തിൽ ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്വാരകയിൽ ദസറ ആഘോഷത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു പ്രഖ്യാപനം.

“അയോധ്യയിൽ രാമജന്മഭൂമിയിൽ ഏറെ നിണ്ട കാത്തിരിപ്പിന് ശേഷം രാമക്ഷേത്രം നിർമിക്കുന്നത് കാണാൻ സാധിച്ച നമ്മൾ ഭാഗ്യവാന്മാരാണ്. ഇത് നമ്മുടെ ക്ഷമയുടെ വിജയമാണ്. ഭഗവാൻ രാമന്റെ വരവ് ആസന്നമായി. ഇനി ഏതാനും മാസങ്ങൾ മാത്രമാണ് ശ്രീരാമ പ്രതിഷ്ഠയ്ക്ക് ശേഷിക്കുന്നത്. രാമജന്മഭൂമിയിലെ അടുത്ത രാമനവമി ആഘോഷം ലോകത്തിന് സന്തോഷം പകരും.
രാജ്യത്തെ ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിക്കാൻ ശ്രമിച്ചതിന്റെ അവസാനമായിരിക്കുമത്. രാജ്യത്തിന്റെ മണ്ണിൽ ആയുധങ്ങളെ ആരാധിക്കുന്നത് പിടിച്ചടക്കാനല്ല. സ്വന്തം മണ്ണ് സംരക്ഷിക്കാനാണ്. സ്വന്തം കാര്യത്തിന് വേണ്ടിയല്ല, ലോകത്തിന്റെ ക്ഷേമത്തിനായാണ് ശക്തി പൂജ നടത്തുന്നത്”- മോദി പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രത്തിൽ ജനുവരി 22ന് വിഗ്രഹപ്രതിഷ്ഠ നടക്കുമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. വിഗ്രഹപ്രതിഷ്ഠ നടക്കുന്നതിനോടനുബന്ധിച്ച് രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും ആഘോഷങ്ങൾക്കും പൂജകൾക്കും തയാറെടുക്കണമെന്ന് ഭാഗവത് പ്രവർത്തകരോട് ആഹ്വാനം ചെയ്തിരുന്നു.


