അമേരിക്കയ്ക്ക് എതിരെ ഇറാന്റെ വൻ തിരിച്ചടി. അമേരിക്കയുടെ വിമാനവാഹിനി കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ഇറാൻ മിസൈലുകൾ പ്രയോഗിച്ചെന്ന് റിപ്പോർട്ട്. ഇറാനിയൻ മാധ്യമങ്ങളും ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.ഒമാൻ തീരത്തു നിന്ന് 150 മൈൽ അകലെയാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ. മിസൈലുകൾ കപ്പലിൽ പതിച്ചതായി ഇറാൻ ന്യൂസ് ഏജൻസി വ്യക്തമാക്കുന്നു. ആണവ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന നിമിറ്റ്സ് ക്ലാസ് എയർക്രാഫ്റ്റ് കാരിയറാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ.
യുഎസ്എസ് എബ്രഹാം ലിങ്കണിനെ ആക്രമിച്ചതായി ഇറാൻ റെവലൂഷണറി ഗാർഡ് കോർ സ്ഥിരീകരിച്ചു. ആക്രമിച്ചത് പരമോന്നത നേതാവിനെ വധിച്ചതിന് പ്രതികാരമായെന്നും നാല് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചുവെന്നും വ്യക്തമാക്കി. കരയും കടലും തീവ്രവാദികളുടെ ശവക്കുഴിയായി മാറുമെന്നും ഐആർജിസി പ്രതികരിച്ചു. യുഎസ്എസ് എബ്രഹാം ലിങ്കൺ പടക്കപ്പലിന് നേരെ ഇറാൻ ആക്രമണം നടന്നത് അമേരിക്കയും സ്ഥിരീകരിച്ചു. ആക്രമണം പടക്കപ്പലിനെ ബാധിച്ചിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ അൽ ജസീറയോട് പറഞ്ഞു. മിസൈൽ കപ്പലിന് സമീപം എത്തിയിട്ടില്ല. കപ്പലിന് കേടുപാടില്ല. കപ്പൽ ഇപ്പോഴും പ്രവർത്തിക്കുന്നതായും യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.


