ബിഹാർ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേ സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള രേഖയായി ആധാർ പരിഗണിക്കേണ്ടി വരുമെന്ന് സുപ്രിംകോടതി പറഞ്ഞു. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തണമെങ്കിൽ അംഗീകൃത 11 രേഖകളിലൊന്ന് ഹാജരാക്കണമെന്നായിരുന്നു മുൻപ് തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞിരുന്നത്.

എന്നാൽ ഈ 11 രേഖകളിൽ ഏതെങ്കിലോ ഒന്നോ ആധാർ കാർഡോ സമർപ്പിച്ച് വോട്ടർമാർക്ക് അപേക്ഷ നൽകാമെന്നാണ് ഇപ്പോൾ സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്. വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ എല്ലാ പ്രക്രിയകളും ലളിതവും ജനങ്ങളെ ബുദ്ധിമുട്ടിക്കാത്തതും ആയിരിക്കണമെന്നും സുപ്രിംകോടതി കൂട്ടിച്ചേർത്തു.


