അഹമ്മദാബാദ് വിമാനദുരന്തത്തിൽ വിമാനത്തിലെ ക്യാപ്റ്റനെ കുറ്റപ്പെടുത്തിയുള്ള യുഎസ് മാധ്യമ റിപ്പോർട്ടുകൾ തള്ളി കേന്ദ്ര വ്യോമയാന മന്ത്രി റാംമോഹൻ നായിഡു. ഇത്തരം ലേഖനങ്ങൾക്ക് പ്രസിദ്ധീകരിക്കുന്നതിൽ സ്ഥാപിത താത്പര്യങ്ങളുണ്ടാകാമെന്നും കേന്ദ്ര ഏജൻസിയായ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ(എഎഐബി)യിലാണ് താൻ വിശ്വാസമർപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്തിമറിപ്പോർട്ട് പുറത്തുവരുന്നതിന് മുൻപ് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനെയും മന്ത്രി വിമർശിച്ചു.
എഎഐബി എല്ലാവരോടും, പ്രത്യേകിച്ച് പാശ്ചാത്യമാധ്യമങ്ങളോടും അഭ്യർഥന നടത്തിയിട്ടുണ്ട്. അവർ പ്രസിദ്ധീകരിക്കാൻ ശ്രമിക്കുന്ന ലേഖനങ്ങളിൽ സ്ഥാപിത താത്പര്യങ്ങളുണ്ടാകാം. ഞാൻ എഎഐബിയിൽ വിശ്വസിക്കുന്നു. ബ്ലാക് ബോക്സ് ഇന്ത്യയിൽതന്നെ ഡീകോഡ് ചെയ്യുന്നതിൽ അവർ മഅദ്ഭുതകരമായരീതിയിലാണ് പ്രവർത്തിച്ചത്. അന്തിമറിപ്പോർട്ട് പുറത്തുവരുന്നതുവരെ എന്തെങ്കിലും അഭിപ്രായം പറയുന്നത് നല്ലതല്ല. ഈ സമയത്ത് നിഗമനത്തിൽ എത്തുന്നതിൽ അർഥമില്ല. അന്തിമറിപ്പോർട്ട് പുറത്തുവരുന്നതുവരെ കാത്തിരിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രാഥമിക റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അവർക്ക് സമയം ആവശ്യമാണ്. നിരവധി ഡാറ്റകൾ സ്ഥിരീകരിക്കേണ്ടതുണ്ട്. അതിനാൽ അവർക്ക് സമയം നൽകണം. നേരത്തെ ഡാറ്റകൾക്കായി ബ്ലാക്ക് ബോക്സ് വിദേശത്തേക്ക് അയക്കുകയായിരുന്നു പതിവ്. എന്നാൽ, ഇപ്പോൾ ആദ്യമായി ഇന്ത്യയിൽവെച്ച് തന്നെ ഡാറ്റ ഡീകോഡ് ചെയ്‌തിരിക്കുകയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
അഹമ്മദാബാദ് വിമാനദുരന്തത്തിന് കാരണം ക്യാപ്റ്റൻ ഇന്ധനനിയന്ത്രണസ്വിച്ച് ഓഫാക്കിയതാണെന്ന് യുഎസ് മാധ്യമമായ വോൾസ്ട്രീറ്റ് ജേണലാണ് റിപ്പോർട്ട് ചെയ്തിരുന്നത്. കോക്‌പിറ്റ് വോയ്സ് റെക്കോർഡറിൽനിന്ന് ലഭിച്ച ശബ്ദരേഖപ്രകാരം എൻജിനിലേക്ക് ഇന്ധനമെത്തുന്ന സ്വിച്ചുകൾ ഓഫാക്കിയത് ക്യാപ്റ്റനാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അപകടത്തിൽപ്പെട്ട ബോയിങ് 787-8 ഡ്രീംലൈനർ വിമാനം പറത്തിയ ഫസ്റ്റ് ഓഫീസർ ടേക്ക് ഓഫിനുപിന്നാലെ സ്വിച്ചുകൾ എന്തിനാണ് ഓഫാക്കിയതെന്ന് ക്യാപ്റ്റനോട് ചോദിക്കുന്നതിൻ്റെ റെക്കോർഡുകളാണ് പുറത്തുവന്നതെന്നും വാർത്തയിൽ പറഞ്ഞിരുന്നു. ഫസ്റ്റ് ഓഫീസർ ആദ്യം ആശ്ചര്യവും പിന്നീട് ഭയവും പ്രകടിപ്പിക്കുമ്പോൾ ക്യാപ്റ്റൻ ശാന്തനായി തുടർന്നെന്നാണ് ശബ്‌ദരേഖയിൽനിന്ന് വ്യക്തമാകുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു
എയർഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനം അഹമ്മദാബാദിൽ തകർന്നുവീഴുന്നതിന് തൊട്ടുമുൻപ് കോക്പിറ്റിൽ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖ ബ്ലാക്ബോക്സ് പരിശോധനയിലൂടെ നേരത്തേ ലഭ്യമായിരുന്നു. എൻജിനിലേക്കുള്ള ഇന്ധന സ്വിച്ച് ഓഫായത് സംബന്ധിച്ച് പൈലറ്റുമാർ തമ്മിൽ നടത്തിയ സംഭാഷണമാണ് ശബ്ദരേഖയിലുണ്ടായിരുന്നത്. എന്തിനാണ് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നതും താൻ ചെയ്തിട്ടില്ലെന്ന് മറ്റേയാൾ മറുപടി നൽകുന്നതുമാണ് ശബ്ദരേഖയിലുണ്ടായിരുന്നത്. ഇത് ആര് ആരോട് പറഞ്ഞു എന്നതുസംബന്ധിച്ച് നേരത്തേ പുറത്തുവന്ന പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നില്ല. എന്നാൽ, വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദർ ക്യാപ്റ്റനായ സുമീത് സഭർവാളിനോടാണ് എന്തിനാണ് ഫ്യുവൽസ്വിച്ചുകൾ കട്ട് ഓഫ് ചെയ്തതെന്ന ചോദ്യം ചോദിച്ചതെന്നാണ് വോൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിലുള്ളത്.


