ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക സംബന്ധിച്ച അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവരുന്നതിനിടെ സംസ്ഥാന അധ്യക്ഷന് നിർദേശങ്ങൾ നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തീരുമാനങ്ങൾ ഏകപക്ഷീയമായി കൈക്കൊള്ളരുതെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേറിനോട് അമിത് ഷാ നിർദേശിച്ചതായാണ് റിപ്പോർട്ട്. മുൻ സംസ്ഥാന അധ്യക്ഷന്മാരുമായി കൂടിയാലോചന നടത്തണമെന്നും പുതിയ ഭാരവാഹികളുടെ യോഗത്തിൽ അമിത് ഷാ നിർദേശിച്ചതായും അറിയുന്നു.

പാർട്ടിയിൽ താഴേത്തട്ടിലുള്ള പ്രവർത്തകരാണ് വലുതെന്നും അമിത് ഷാ പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട സമീപനങ്ങൾ സംബന്ധിച്ചും ഭാരവാഹി യോഗത്തിൽ ചർച്ചയുണ്ടായി. തിരഞ്ഞെടുപ്പിൽ 25 ശതമാനം വോട്ട് നേടണമെന്നാണ് അമിത് ഷാ നിർദേശിച്ചത്.
കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തുവന്നത്. മുൻ പ്രസിഡന്റുമാരായ വി. മുരളീധരൻ, കെ. സുരേന്ദ്രൻ എന്നിവരെ അനുകൂലിക്കുന്നവരെ ജനറൽ സെക്രട്ടറിമാരായി ഉൾപ്പെടുത്താതിരുന്നത് ഒരു വിഭാഗത്തിന്റെ അതൃപ്തിക്കിടയാക്കിയിരുന്നു. പി.കെ. കൃഷ്ണദാസ് പക്ഷത്തിന് മുൻതൂക്കം ലഭിച്ചുവെന്നാണ് ഉയർന്ന വിമർശനം.

സംസ്ഥാന ഭാരവാഹി പട്ടികയിൽ ഉൾപ്പെടാതെ പോയ ചില നേതാക്കൾ പരസ്യമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇന്റലക്ച്വൽ സെല്ലിന്റെ സഹ കൺവീനർ യുവരാജ് ഗോകുൽ, സംസ്ഥാന സമിതി അംഗം ഉല്ലാസ് ബാബു എന്നിവർ തങ്ങളെ വക്താവ് സ്ഥാനത്തുനിന്ന് പുറത്തായതിലുള്ള അതൃപ്തി പരസ്യമാക്കിയിരുന്നു.


