ഗാസയിൽ ഉടൻ വെടിനിർത്തലുണ്ടാകുമെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹമാസും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ ചർച്ചയിൽ വലിയ പുരോഗതിയുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.

‘നമുക്ക് വളരെ നല്ല വാർത്തകൾ ലഭിക്കുമെന്ന് ഞാൻ കരുതുന്നു, ഗാസയിൽ വലിയ പുരോഗതിയുണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കുന്നു’ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു, എൻ്റെ പ്രത്യേക ദൂതനായ സ്റ്റീവ് വിറ്റ്കോഫ്, ഗാസയിൽ വെടിനിർത്തൽ കരാർ സാധ്യമാക്കുന്നതിൻ്റെ വളരെ അടുത്താണെന്ന് തന്നോട് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രയേലും ഇറാനും തമ്മിലുള്ള 12 നാൾനീണ്ട യുദ്ധം അവസാനിപ്പിച്ചതായുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് ട്രംപിന്റെ ഗാസ സംബന്ധിച്ച പ്രതികരണം. ഗാസയിൽ പുതിയ വെടിനിർത്തൽ കരാറിനും ബന്ദി മോചനത്തിനും വേണ്ടിയുള്ള ശ്രമങ്ങൾ മധ്യസ്ഥർ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് ഹമാസും പ്രതികരിച്ചു. എന്നാൽ ഇസ്രയേലുമായി തങ്ങളുടെ ചർച്ച സ്തംഭനാവസ്ഥയിലാണെന്ന് ഹമാസ് പ്രതിനിധി പ്രതികരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ചമാത്രം ഗാസയിലുടനീളം നടന്ന ഇസ്രയേലി ആക്രമണങ്ങളിൽ കുറഞ്ഞത് 45 പലസ്തീനികൾ കൊല്ലപ്പെട്ടതായും, സഹായം തേടിയെത്തിയ ചിലരും ഇതിൽ ഉൾപ്പെടുന്നതായും ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ചൊവ്വാഴ്‌ച ഹമാസ് നടത്തിയ ബോംബ് ആക്രമണത്തിൽ ഏഴ് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേലി പ്രതിരോധസേനയും അറിയിച്ചു.



