സൈനികനടപടിയിൽ പങ്കെടുത്ത ആളാണ് എന്നത് നിയമനടപടികളിൽനിന്ന് ഒഴിവാക്കാനുള്ള കാരണമല്ലെന്ന് സുപ്രീം കോടതി. ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസിൽ കുറ്റാരോപിതനായ സുരക്ഷാഭടന്റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പോലീസിന് മുന്നിൽ ഹാജരാകുന്നതിൽനിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബ്ലാക്ക് കാറ്റ് കമാൻഡോയുടെ ഹർജി.

പോലീസിനു മുന്നിൽ ഹാജരാകുന്നതിൽനിന്ന് ഇളവ് വേണമെന്നും സ്പെഷൽ ലീവ് പെറ്റീഷൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. പഹൽഗാം അക്രമണത്തിന് തിരിച്ചടിയായുള്ള ‘ഓപ്പറേഷൻ സിന്ദൂർ’ സൈനികനടപടിയുടെ ഭാഗമായിരുന്നു താനെന്നും ഇയാൾ കോടതിയിൽ വാദമുന്നയിച്ചിരുന്നു. എന്നാൽ, ഈ കാര്യം ഇളവ് നൽകുന്നതിനുള്ള ഉപാധിയായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു.

സൈനിക നടപടിയിൽ പങ്കെടുത്തു എന്നതിന്റെ പേരിൽ പ്രത്യേക പരിഗണന നൽകാനാവില്ലെന്നും ശാരീരി കക്ഷമത മുൻനിർത്തി ഇയാൾക്ക് ഒറ്റയ്ക്ക് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ സാധിക്കുമെന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു. മാത്രമല്ല, അതിക്രൂരമായ കൊലപാതകമാണ് നടന്നിരിക്കുന്നതെന്നും കേസിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും നടത്താൻ സാധിക്കില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

ഇന്ത്യൻ ന്യായ സംഹിതയിലെ 304ബി വകുപ്പ് പ്രകാരം സ്ത്രീധനപീഡനവും ഇയാൾക്കെതിരേ ചുമത്തിയിട്ടുണ്ട്. സ്ത്രീധനമായി ഇയാൾ മോട്ടോർ സൈക്കിൾ ആവശ്യപ്പെട്ടിരുന്നതായി രണ്ട് സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ വകുപ്പ് കൂടി ഉൾപ്പെടുത്തി കേസെടുത്തത്.
സാക്ഷികളുടെ മൊഴിയിൽ വൈരുധ്യങ്ങൾ ഉണ്ടെങ്കിലും ഇളവ് കൊടുക്കാൻ സാധിക്കില്ലെന്ന വാദത്തിൽ കോടതി ഉറച്ചുനിൽക്കുകയായിരുന്നു. പ്രതിയുടെ മുൻ അപേക്ഷ തള്ളിയ കാര്യവും കോടതി ചൂണ്ടിക്കാട്ടി. പോലീസിനുമുന്നിൽ ഹാജരാവാൻ രണ്ടാഴ്ച്ചത്തെ സമയം പ്രതിക്ക് കോടതി അനുവദിച്ചിട്ടുണ്ട്.



