ഇറാനെതിരെ സൈനിക ആക്രമണം നടത്തണോ വേണ്ടയോ എന്ന കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് വൈറ്റ് ഹൗസ്. ഇറാനുമായി സമീപഭാവിയിൽ ചർച്ചകൾ നടക്കാനോ നടക്കാതിരിക്കാനോ ഉള്ള സാധ്യത വളരെ കൂടുതലായതിനാൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് ട്രംപിൻ്റെ സന്ദേശം ഉദ്ധരിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇതിനിടെ അന്താരാഷ്ട്ര പിന്തുണയെ സ്വാഗതം ചെയ്യുന്നുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇറാൻ്റെ എല്ലാ ആണവ കേന്ദ്രങ്ങളും ആക്രമിക്കാൻ ഇസ്രയേലിന് കഴിവുണ്ട്. എങ്കിലും എല്ലാ സഹായവും സ്വാഗതം ചെയ്യുന്നു. ഡൊണാൾഡ് ട്രംപ് അമേരിക്കയ്ക്ക് നല്ലത് ചെയ്യും. അതുപോലെ ഇസ്രായേലിന് നല്ലത് എന്താണോ അത് താനും ചെയ്യും. ഇറാനുമായുള്ള യുദ്ധത്തിലൂടെ ഇസ്രയേൽ ലോകത്തിൻ്റെ മുഖം മാറ്റുകയാണ്. ഇറാൻ വിക്ഷേപിച്ച മിസൈലുകളിൽ പകുതിയിലധികവും ഇസ്രയേൽ നശിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ സൈനിക ഇടപെടൽ നടത്താനുള്ള അമേരിക്കൻ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി റഷ്യ നേരത്തെ രം ഗത്തെത്തിയിരുന്നു. വളരെ അപകടകരമായ നീക്കമാണിതെന്നും പ്രവചനാതീതമായ പ്രത്യാഘാതങ്ങൾക്ക് വഴി തുറക്കുമെന്നുമായിരുന്നു റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവയെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്‌തത്.




