രൂപയെ അന്താരാഷ്ട്രവത്കരിക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ രൂപയിൽ വായ്പ അനുവദിക്കുന്നതിനു നീക്കവുമായി റിസർവ് ബാങ്ക്. ഇന്ത്യൻ ബാങ്കുകൾക്ക് അതതു രാജ്യങ്ങളിലെ ശാഖകൾ വഴി അവിടത്തെ ഉപഭോക്താക്കൾക്ക് രൂപയിൽ വായ്പ അനുവദിക്കുന്നതിന് ആർബിഐ കേന്ദ്രത്തിൻ്റെ അനുമതിതേടി.
ആദ്യമായാണ് വിദേശത്ത് ഇന്ത്യൻ രൂപയിൽ വായ്പ ലഭ്യമാക്കുന്നതിന് ആലോചന നടക്കുന്നത്. വ്യാപാരത്തിനായി രൂപയുടെ സ്വീകാര്യതയും ഉപയോഗവും പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റിസർവ് ബാങ്ക് കഴിഞ്ഞമാസം ഇതിനുള്ള ശുപാർശ കേന്ദ്ര ധനമന്ത്രാലയത്തിനു കൈമാറിയതായാണ് അറിയുന്നത്.

ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ രൂപയിൽ വായ്പ അനുവദിക്കുന്നത് പരിഗണിക്കാനാണ് ശുപാർശ. ഇതു സാധ്യമായാൽ അതിർത്തി കടന്ന് രൂപയിലുള്ള ഇടപാടുകൾ ഉയരും. വിജയകരമായാൽ കൂടുതൽ രാജ്യങ്ങളിലേക്ക് ഇതു വ്യാപിപ്പിക്കാനുള്ള സാധ്യതകളും ശക്തമാണ്. വ്യാപാര ആവശ്യങ്ങൾക്കായാകും രൂപയിൽ വായ്പ അനുവദിക്കുക. വിദേശത്ത് രൂപയിൽ വായ്പ ലഭ്യമാക്കുന്നത് രൂപയിൽ വ്യാപാര ഇടപാടുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനും വിദേശ കറൻസികളുടെ ഉപയോഗം പരിമിതപ്പെടുത്താനും ഉപകരിക്കും.
ദക്ഷിണേഷ്യയിൽ ഇന്ത്യയുമായി വ്യാപാരത്തിൽ മുന്നിലുള്ള നാലു രാജ്യങ്ങളാണ് പരിഗണനയിലുള്ളത്. വാണിജ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് ഇന്ത്യയുടെ ദക്ഷിണേഷ്യൻ വ്യാപാര ഇടപാടുകളിൽ 90 ശതമാനവും ഈ നാലു രാജ്യങ്ങളുമായാണ്. വിദേശത്ത് രൂപയുടെ സ്വീകാര്യത ഉയർത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ ബാങ്കുകളുടെ വിദേശ ശാഖകളിൽ വിദേശ ഇന്ത്യക്കാർക്ക് രൂപയിൽ അക്കൗണ്ട് തുറക്കാൻ ആർബിഐ അനുമതി നൽകിയിരുന്നു.



