യുഡിഎഫ് അധികാരത്തിൽ വന്നിരുന്നെങ്കിൽ കേരളത്തിൽ ഇന്നുകാണുന്ന മാറ്റങ്ങൾ ഉണ്ടാകുമായിരുന്നോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗെയിൽ പൈപ്പ് പദ്ധതി, ദേശീയപാതാ വികസനം, ഇടമൺ-കൊച്ചി പവർഹൈവേ തുടങ്ങിയ വികസന പദ്ധതികൾ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ഇടുക്കിയിൽ എൽഡിഎഫ് ജില്ലാ ബഹുജന റാലിയെ അഭിസംബോധനചെയ്‌തു സംസാരിക്കുന്നു അദ്ദേഹം.
2016-ൽ എൽഡിഎഫ് സർക്കാരല്ല വന്നിരുന്നത് എന്ന് സങ്കൽപ്പിക്കുക. അന്ന് യുഡിഎഫിന് അധികാരത്തിൽ വരാൻ കഴിഞ്ഞിരുന്നെങ്കിൽ ഈ പറയുന്ന മാറ്റങ്ങൾ ഏതെങ്കിലും ഉണ്ടാകുമായിരുന്നോ? കേരളത്തിൻ്റെ വിദ്യാഭ്യാസ രംഗം പൂർണ്ണമായും തകർന്നിട്ടുണ്ടാകും. ഉന്നതവിദ്യാഭ്യാസ മേഖല ഒരു പുരോഗതിയും നേടാൻ കഴിയില്ല. കേരളത്തിൻ്റെ ആരോഗ്യരംഗം വലിയ തകർച്ചയിലായിട്ടുണ്ടാകും. ഈ പറയുന്ന മാറ്റങ്ങളൊന്നും സംഭവിക്കില്ല.
കേരളത്തിൽ കാർഷിക രംഗത്തുണ്ടായ പുരോഗതി സംഭവിക്കില്ലായിരുന്നു. കേരളത്തിന്റെ വ്യവസായികരംഗം, നിക്ഷേപ സൗഹൃദത്തിൽ ഇന്ന് രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. അത് വെറുതെ ഉണ്ടായതല്ല. ഒരു ദിവസം സ്വയംഭൂവായി ഉണ്ടായതല്ല. 2016 മുതൽ അതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. ആ പ്രവർത്തനം നടത്തിയതിൻ്റെ ഭാഗമായി ഒട്ടേറെ നിയമങ്ങൾ ഭേദഗതി ചെയ്തു. വിവിധതരത്തിലുള്ള ഇടപെടലുകളിലൂടെയാണ് ഈ പറയുന്ന മാറ്റം സംഭവിച്ചത്. അങ്ങനെയാണ് നിക്ഷേപ സൗഹൃദമായ, രാജ്യത്ത് ഒന്നാമതുള്ള സംസ്ഥാനം എന്ന നില കേരളത്തിന് ആർജ്ജിക്കാൻ സാധിച്ചത്, മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ സംരഭക പരിപാടി ആരംഭിച്ചു. രാജ്യത്തെ തന്നെ ബെസ്റ്റ് പ്രാക്ടീസ് എന്നാണ് കേന്ദ്രം ഇതിനെ വിലയിരുത്തിയത്. ഇതാണ് കേരളത്തിൽ വന്ന മാറ്റം. പ്രകടന പത്രികയിൽ ഉന്നയിച്ച കാര്യങ്ങൾ എത്രത്തോളം നടപ്പിലാക്കി എന്ന് ഓരോ വർഷവും അവതരിപ്പിച്ചു. അതോടെ ജനങ്ങൾക്ക് പുരോഗതി എത്രത്തോളം ഉണ്ടായെന്ന് മനസ്സിലായി. 2021 ആയപ്പോഴേക്കും പ്രകടനപത്രികയിൽ ഉന്നയിച്ച 600 കാര്യങ്ങളിൽ വിരലിലെണ്ണാവുന്നതൊഴിച്ച് ബാക്കി മുഴുവൻ നടപ്പിലാക്കിയ സർക്കാർ ആയി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.