പഹൽഗാമിലെ ഭീകരാക്രമണത്തിന് എതിരെ ലണ്ടനിലെ പാക്കിസ്ഥാൻ ഹൈക്കമ്മിഷനു മുന്നിൽ പ്രതിഷേധിച്ച ഇന്ത്യക്കാർക്കുനേരെ പാക്കിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥന്റെ പ്രകോപനം. പാക്കിസ്ഥാൻ ഡിഫൻസ് അറ്റാഷെ തൈമൂർ റാഹത്താണ് പ്രകോപനപരമായ ആംഗ്യം സമാധാനപരമായി നടന്ന പ്രതിഷേധത്തിന് എതിരെ കാണിച്ചത്. സമരക്കാരെ നോക്കി കഴുത്തറക്കുമെന്ന് ആംഗ്യംകാണിച്ചായിരുന്നു ഭീഷണി. പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി.
പ്രതിഷേധത്തിനിടെ പാക്കിസ്ഥാൻ ഹൈക്കമ്മിഷനിൽ ഉച്ചത്തിൽ പാട്ടുംവച്ചു. പ്രകോപനപരമായ പ്രവൃത്തിയാണു പാക്കിസ്ഥാൻ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഭീകരതയെ അവർക്ക് അപലപിക്കാൻ കഴിയുന്നില്ലെങ്കിൽ അവരും അതിൽ പങ്കാളികളാണെന്നും പ്രതിഷേധിച്ച ഇന്ത്യൻ പ്രവാസികൾ പ്രതികരിച്ചു.
ഇന്ത്യയുടെ ദേശീയ പതാകകൾ വീശിയും പ്ലക്കാർഡുകൾ ഉയർത്തിയുമാണ് പ്രതിഷേധം നടന്നത്. യുകെ സർക്കാർ പാക്കിസ്ഥാൻ നയതന്ത്ര നടപടികൾ സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.


