പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ഒ.ആർ കേളു സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. ഞായറാഴ്‌ച വൈകിട്ട് നാലിന് രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. സഗൗരവത്തിലാണ് കേളു സത്യപ്രതിജ്‌ഞ ചെയ്‌തത്.
കെ.രാധാകൃഷ്ണണൻ രാജിവച്ച ഒഴിവിൽ മന്ത്രിയായ ഒ.ആർ. കേളു, വയനാട്ടിലെ മാനന്തവാടിയിൽ നിന്നുള്ള എംഎൽഎയാണ്. വയനാട്ടിൽ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയും ആദിവാസി വിഭാഗത്തിൽ നിന്നും ആദ്യമായി മന്ത്രിയായ സിപിഎം നേതാവുമാണ് കേളു. 10 വർഷം തുടർച്ചയായി പഞ്ചായത്ത് പ്രസിഡന്റായിരുന്നതിൻ്റെ ഭരണപരിചയവുമായാണ് കേളു മന്ത്രിപദവിയിലേക്ക് എത്തിയിരിക്കുന്നത്.
കെ.രാധാകൃഷ്ണണൻ കൈകാര്യം ചെയ്‌തിരുന്ന എല്ലാ വകുപ്പുകളും കേളുവിന് നൽകിയിട്ടില്ല. ദേവസ്വം വകുപ്പ് വി.എൻ. വാസവനും പാർലമെന്ററി കാര്യം എം.ബി. രാജേഷിനും വീതിച്ചു നൽകി. ആദ്യമായി മന്ത്രിയാകുന്നു എന്ന കാരണത്താലാണ് കേളുവിന് ഈ വകുപ്പുകൾ നൽകാത്തത് എന്നാണ് സിപിഎം വൃത്തങ്ങൾ പറയുന്നത്. അതേസമയം, കേളുവിന് ദേവസ്വം വകുപ്പ് നൽകാത്തതിനെതിരെ പ്രതിപക്ഷവും സമൂഹ മാധ്യമങ്ങളും വലിയതോതിലുള്ള വിമർശനമാണ് ഉന്നയിക്കുന്നത്.