തൃശൂരിലും പാലക്കാട്ടും വിവിധ പ്രദേശങ്ങളിൽ വീണ്ടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 3.55 നാണ് തൃശൂരിൽ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് പ്രകമ്പനമുണ്ടായത്. ഏതാനും സെക്കൻഡുകളോളം ഇത് നീണ്ടു നിന്നുവെന്ന് നാട്ടുകാർ പറയുന്നു.
ഇന്നലെ രാവിലെയും ഈ മേഖലയിൽ ഭൂചലനം ഉണ്ടായിരുന്നു. പാലക്കാട് തൃത്താല, ആനക്കര ഭാഗങ്ങളിലാണ് ഇന്നും പുലർച്ചെ നാലുമണിയോടെ ഭൂചലനമുണ്ടായി. തുടർചലനങ്ങൾ ഉണ്ടായേക്കാമെന്നും എന്നാൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.
ഇന്നലെ തൃശൂർ ജില്ലയിൽ കുന്നംകുളം, തലപ്പിള്ളി താലൂക്കുകളുടെ വിവിധ ഭാഗങ്ങളിലും അതിർത്തിയിലുള്ള പാലക്കാട് ജില്ലയിലെ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാവിലെ 8.15ന് ഏകദേശം 4 സെക്കൻഡ് നീണ്ടുനിന്ന മുഴക്കത്തോടുകൂടിയ പ്രകമ്പനമാണ് റിപ്പോർട്ട് ചെയ്തത്. നാഷനൽ സെൻ്റർ ഫോർ സീസ്മോളജിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 3.0 ആണ് തീവ്രത രേഖപ്പെടുത്തിയിട്ടുള്ളത്.
ഭൂമിക്ക് അടിയിൽ നിന്നു മുഴക്കവും വിറയലും അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. റവന്യു, ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. തൃശൂരിൽ നിന്ന് 18 കിലോമീറ്റർ വടക്കുമാറിയാണ് പ്രഭവകേന്ദ്രം എന്നാണ് നാഷനൽ സെന്റർ ഫോർ സീസ്മോളജിയുടെ പ്രാഥമിക നിഗമനം.


