രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകളിൽ കള്ളപ്പണം തുടച്ചുനീക്കാനാണ് തിരഞ്ഞെടുപ്പ് ബോണ്ട് കൊണ്ടുവന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് ബോണ്ട് ഇല്ലാതാകുന്നതോടെ കള്ളപ്പണം തിരികെ വരുമെന്ന് ഭയപ്പെടുന്നതായും അമിത് ഷാ പറഞ്ഞു. ഇന്ത്യാടുഡേ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങൾ വെളിപ്പെടുത്തണമെന്ന സുപ്രീംകോടതി വിധിക്ക് ശേഷം ഇത് സംബന്ധിച്ച അമിത് ഷായുടെ ആദ്യ പ്രതികരണമാണിത്.

സുപ്രീംകോടതി വിധിയിൽ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ലെങ്കിലും ഇലക്ടറൽ ബോണ്ട് എങ്ങനെയാണ് കൊണ്ടുവന്നതെന്നും കള്ളപ്പണം അത് എങ്ങനെ തുടച്ചുനീക്കപ്പെട്ടുവെന്നത് സംബന്ധിച്ചും ചർച്ച ചെയ്യാൻ തയ്യാറാണ്. ഇലക്ടറൽ ബോണ്ട് പദ്ധതി വരുന്നതിന് മുമ്പായി രാഷ്ട്രീയ പാർട്ടികൾ പണം സംഭാവനയായിട്ടാണ് സ്വീകരിച്ചിരുന്നത്. അതിൽ മാറ്റംവന്നു.

‘തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയിൽ ബിജെപിക്ക് നേട്ടമുണ്ടായത് തങ്ങൾ അധികാരത്തിലിരിക്കുന്നത് കൊണ്ടാണെന്ന ഒരു ധാരണയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കൊള്ളയടി റാക്കറ്റാണിതെന്ന് രാഹുൽ ഗാന്ധി പറയുന്നു. ഇത്തരം കാര്യങ്ങൾ ആരാണ് അദ്ദേഹത്തിന് എഴുതി കൊടുക്കുന്നതെന്ന് അറിയില്ല. ഇലക്‌ടറൽ ബോണ്ടിലൂടെ ബിജെപിക്ക് 6000 കോടി രൂപയാണ് കിട്ടിയത്. എല്ലാ പാർട്ടികൾക്കുമായി 20000 കോടി രൂപയുടെ ബോണ്ടാണ് ലഭിച്ചിട്ടുള്ളത്. ബാക്കി 14000 കോടി രൂപ എവിടെ പോയി’ അമിത് ഷാ ചോദിച്ചു.

ബിജെപിക്ക് ഏറ്റവും കൂടുതൽ തുക ലഭിച്ചെന്ന് പറയുന്ന പ്രതിപക്ഷ പാർട്ടികൾ, അവർക്ക് ലഭിച്ച സീറ്റുകൾക്ക് ആനുപാതികമായിട്ടാണോ ബോണ്ട് തുക ലഭിച്ചതെന്നും അമിത് ഷാ ചോദിച്ചു.

ഇലക്ടറൽ ബോണ്ട് പദ്ധതിയിൽ നൽകുന്ന ആളുടേയും വാങ്ങുന്ന പാർട്ടിയുടേയും ബാങ്ക് രേഖകളിൽ കൃത്യമായ കണക്ക് രേഖപ്പെടുത്തുന്നത് കൊണ്ട് ഇതിൽ ഒരു രഹസ്യാത്മകതയും ഇല്ല. നേരത്തെ സംഭാവന വഴി പാർട്ടികൾ പണം വാങ്ങിയിരുന്നപ്പോൾ കോൺഗ്രസ് 100 രൂപ പാർട്ടിയിലേക്കും 1000 രൂപ നേതാക്കളുടെ വീടുകളിലേക്കുമാണ് കൊണ്ടുപോയിരുന്നതെന്നും അമിത് ഷാ പരിഹസിച്ചു.


