പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരേ നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. സാമൂഹിക ഐക്യം നിലനിൽക്കുന്നിടത്ത് ഭിന്നിപ്പുണ്ടാക്കുന്ന സിഎഎ പോലുള്ള ഏതൊരു നിയമവും നടപ്പാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് വിജയ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
തമിഴ്നാട്ടിൽ സിഎഎ നടപ്പാക്കില്ലെന്ന് ഉറപ്പ് നൽകണമെന്നും വിജയ് ആവശ്യപ്പെട്ടു. പാർട്ടി രൂപവത്കരിച്ച ശേഷമുള്ള ആദ്യ രാഷ്ട്രീയ പ്രതികരണമാണ് സിഎഎ വിഷയത്തിൽ വിജയ് നടത്തുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ പൗരത്വ നിയമഭേദഗതി നിലവിൽവരുന്നവിധം വിജ്ഞാപനമിറക്കിയത്. പാർലമെന്റ് പാസ്സാക്കിയ പൗരത്വഭേദഗതി നിയമത്തിൻ്റെ ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതോടെ നിയമം പ്രാബല്യത്തിലായി. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള നടപടികൾ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. പൗരത്വത്തിനുള്ള അപേക്ഷകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടൻ സ്വീകരിച്ചുതുടങ്ങും.

2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്സഭ പാസ്സാക്കിയത്. 2020 ജനുവരി 10-ന് നിലവിൽവന്നെങ്കിലും ചട്ടങ്ങൾ രൂപവത്കരിക്കാത്തതിനാൽ നടപ്പാക്കിയിരുന്നില്ല. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ എത്തിയ ഹിന്ദു, സിഖ്, ജെയിൻ, ക്രിസ്ത്യൻ, ബുദ്ധ, പാർസി മതവിശ്വാസികൾക്ക് പൗരത്വം നൽകുന്നതിനുള്ള നിയമഭേദഗതിയാണ് പാർലമെൻ്റ് പാസ്സാക്കിയിരുന്നത്. 2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിൽ എത്തിയവർക്കാണ് പൗരത്വത്തിനായി അപേക്ഷ നൽകാൻ കഴിയുകയെന്നാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഒരുവർഷവും 14 വർഷത്തിനിടെ അഞ്ചുവർഷമെങ്കിലും രാജ്യത്ത് താമസിക്കുകയും ചെയ്ത കുടിയേറ്റക്കാർക്ക് പൗരത്വം നൽകും. നേരത്തെ ന്യൂട്രലൈസേഷൻ വഴിയുള്ള പൗരത്വം കുടിയേറ്റക്കാർക്ക് 11 വർഷത്തിലായിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെട്ടിരിക്കുന്ന അസം, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളിലെ ആദിവാസിമേഖലകളെ നിയമത്തിൽനിന്ന് ഒഴിവാക്കി.

സി.എ.എ. നടപ്പിലാക്കില്ലെന്ന് കേരളവും ബംഗാളും ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങൾ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനായി പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓൺലൈൻ വഴിയാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നീക്കം. ഇതിനായി പ്രത്യേക പോർട്ടൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. പൗരത്വത്തിന് അപേക്ഷിക്കുന്നവർ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വർഷം വ്യക്തമാക്കേണ്ടതുണ്ട്. അപേക്ഷകരിൽനിന്ന് രേഖകളൊന്നും ആവശ്യപ്പെടില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
പൗരത്വഭേതഗതി നിയമത്തിനെതിരേ കടുത്ത പ്രതിഷേധമാണ് 2019 ൽ രാജ്യത്തുടനീളം നടന്നത്. പ്രതിപക്ഷ പാർട്ടികൾ കേന്ദ്രസർക്കാറിന്റെ തീരുമാനത്തോട് കടുത്ത വിയോജിപ്പാണ് പ്രകടിപ്പിച്ചത്.


