ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി കമ്പനി ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. കേസിലെ പ്രതികളായ കെ.ഡി. പ്രതാപൻ, ഭാര്യ ശ്രീന എന്നിവരാണ് കോടതിയിൽ ഹർജി നൽകിയത്. ചേർപ്പ് പൊലീസ് എടുത്ത കേസ് വ്യാജമാണെന്നും റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. മുൻകൂർ പണം വാങ്ങിയത് നിക്ഷേപമല്ല. ബഡ്‌സ് ആക്ട് പ്രകാരമുള്ള കുറ്റകൃത്യം നിലനിൽക്കില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

മണിചെയിൻ തട്ടിപ്പിലൂടെ 1,693 കോടി രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതികളാണ് ഹൈറിച്ച് കമ്പനി ഉടമകളായ കെ.ഡി.പ്രതാപനും, ഭാര്യ ശ്രീനയും. ഇവർ സ്‌ഥിരം സാമ്പത്തിക കുറ്റവാളികളാണെന്ന് എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) വിചാരണക്കോടതിയിൽ ബോധിപ്പിച്ചിരുന്നു.

പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡപ്യൂട്ടി ഡയറക്‌ടർ പ്രശാന്ത് കുമാർ, സ്പെഷൽ പ്രോസിക്യൂട്ടർ എം.ജെ. സന്തോഷ് എന്നിവർ സമാനസ്വഭാവമുള്ള 19 കേസുകളിൽ കൂടി ഇവർ പ്രതികളാണെന്ന വിവരം കോടതിയെ അറിയിച്ചത്. ഇതിൽ 3 കേസുകളിൽ വിചാരണ പൂർത്തിയാക്കി പ്രതികളെ കോടതി ശിക്ഷിച്ചിട്ടുണ്ട്.

കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് അന്വേഷണത്തിൽ പുറത്തുവരുന്നതെന്നു പ്രോസിക്യൂട്ടർ എം.ജെ. സന്തോഷ് ബോധിപ്പിച്ചു. അന്വേഷണത്തിൽ കണ്ടെത്തിയ 212 കോടി രൂപ മാത്രമാണ് ഇ.ഡിക്കു മരവിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളത്. ബാക്കിയുള്ള തുക കണ്ടെത്തി കണ്ടുകെട്ടാനുള്ള നടപടി ആരംഭിക്കണം. ഇതിനായി പ്രതികളെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്‌തു തെളിവെടുക്കേണ്ടത് ആവശ്യമാണെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചിരുന്നു.

തട്ടിയെടുത്ത കോടിക്കണക്കിനു രൂപ ഹവാല വഴി വിദേശത്തേക്കു പ്രതികൾ കടത്തിയിട്ടുണ്ട്. ഇതിൽ 100 കോടി രൂപയുടെ പ്രാഥമിക വിവരം മാത്രമാണ് അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുള്ളതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.


