സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ഉള്ളതെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. സർക്കാറിനെതിരായ ജനങ്ങളുടെ മോചനസമരത്തിൻ്റെ തുടക്കമാണിത്. പിണറായി സർക്കാറിൻ്റെ ഒടുക്കത്തിൻ്റെ തുടക്കം ഇവിടെ നിന്നാരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടിയേറ്റ് മാർച്ചിനിടെ ആക്രമമുണ്ടായ കേസിൽ അറസ്റ്റിലായ രാഹുൽ, ഒൻപതു ദിവസത്തിനുശേഷം ജാമ്യം കിട്ടി പുറത്തുവന്നതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

‘ഈ സമരത്തിൽ നിന്ന് ഒരടി പിന്നോട്ട് പോകുവാൻ യൂത്ത് കോൺഗ്രസ് ഒരുക്കമല്ല.ജനങ്ങളെ ഈ സർക്കാറിൽ നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവാദിത്വം ഈ നാട്ടിലെ യുവത ഏറ്റെടുക്കുകയാണ്. ആ യുവതയെ മുന്നിൽ നിന്ന് നയിക്കാനുള്ള ധാർമികമായ ഉത്തരവാദിത്വം യൂത്ത് കോൺഡഗ്രസും ഏറ്റെടുക്കുകയാണ്. എതിർശബ്‌ദങ്ങളെ നിശബ്‌ദമാക്കാൻ ശ്രമിച്ചിട്ടുള്ള എല്ലാ ഏകാധിപതികളും ചരിത്രത്തിൽ തമസ്‌കരിക്കപ്പെട്ടിട്ടുള്ളതിൻ്റെ ഉദാഹരണം കേരളത്തിന്റെ അഭിനവ ചക്രവർത്തി കൂടി ഈ അമിതാധികാര പ്രയോഗമെല്ലാം നടത്തുമ്പോൾ ഒന്നോർക്കുന്നത് നല്ലതായിരിക്കും.’

‘അടുത്ത മാസം മുതൽ നിങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഡീസൽ നൽകില്ലെന്ന് പെട്രോൾ പമ്പുടമകൾ തീരുമാനിച്ചിരിക്കുകയാണെന്ന് ഇപ്പോൾ സർക്കാർ പറയുന്ന വാക്ക് കേട്ട് സർക്കാറിൻ്റെയും മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും നല്ലപേരിന് വേണ്ടി അമിതമായി ഷോ നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർ ഓർക്കണം. ആ വിഷയത്തിൽ സമരം ചെയ്യുവാൻ ആദ്യമിറങ്ങുക യൂത്ത് കോൺഗ്രസ് ആയിരിക്കും. കാരണം ഈ നാട്ടിൽ ക്രമസമാധാനപാലനം നടത്തുവാൻ നിങ്ങൾ പരാജയപ്പെടുന്നുണ്ടെങ്കിൽ പോലും അത് നടത്തുവാൻ ഒരു സേന ആവശ്യമായതുക്കൊണ്ട് നിങ്ങളുടെ ആ ആവശ്യത്തിനായിട്ടും ഞങ്ങൾ സമരവുമായ് മുൻപന്തിയിൽ തന്നെയുണ്ടാകും’, രാഹുൽ വ്യക്തമാക്കി.



