പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കലാപം രൂക്ഷമായി ബാധിച്ച മണിപ്പുർ സന്ദർശിക്കാതിരുന്ന പ്രധാനമന്ത്രി ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരം കാണാനായി അഹമ്മദാബാദിലേക്ക് പോയതിനെയാണ് പ്രിയങ്ക വിമർശിച്ചത്. മത്സരത്തിൽ ഇന്ത്യ വിജയം നേടിയിരുന്നെങ്കിൽ അതിന്റെ ക്രെഡിറ്റ് എടുക്കാമെന്ന് കരുതിയാണ് മോദി ക്രിക്കറ്റ് കാണാൻ പോയതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

“മണിപ്പുർ ഏഴ് മാസത്തോളമായി വംശീയ കലാപത്തിൽ മുങ്ങിയിരിക്കുകയാണ്. പക്ഷേ പ്രധാനമന്ത്രി അവിടേക്ക് തിരിഞ്ഞുനോക്കിയില്ല. പക്ഷെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നത് കാണാൻ അദ്ദേഹം അഹമ്മദാബാദിലേക്ക് പോയി. ലോകകപ്പിൽ നമ്മുടെ ടീം കഠിനാധ്വാനത്തിലൂടെ ഫൈനലിലെത്തി. ഫൈനൽ കാണാൻ മോദി ജി അഹമ്മദാബാദിൽ എത്തിയത് ടീം വിജയിക്കുകയാണെങ്കിൽ അതിന്റെ ക്രെഡിറ്റ് എടുക്കാനാണ്”, ജയ്പുർ ജില്ലയിലെ ഷാപുരയിൽ തിരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രിയങ്ക പറഞ്ഞു.
“താനൊരു ‘ഫക്കീർ’ (സന്ന്യാസി) ആണെന്നാണ് നരേന്ദ്രമോദി സ്വയം അവകാശപ്പെടുന്നത്. പിന്നെ എത്തരത്തിലാണ് അദ്ദേഹത്തിൻ്റെ ഭരണത്തിന് കീഴിൽ ബി.ജെ.പി. ഇന്ത്യയിലെ ഏറ്റവും സാമ്പത്തികശേഷിയുള്ള രാഷ്ട്രീയപാർട്ടിയായി മാറിയത്? മോദിയും കേന്ദ്രസർക്കാരും വൻവ്യവസായികളുടെ വായ്പകൾ എഴുതിത്തള്ളി. എന്നാൽ പാവപ്പെട്ടവരെ അവഗണിച്ചു.

കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബി.ജെ.പി. സർക്കാരുകൾ പ്രവർത്തിക്കുന്നത് സമ്പന്നർക്ക് വേണ്ടിയാണ്. എന്നാൽ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ച് വിലക്കയറ്റത്തിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസമേകി”, പ്രിയങ്ക ഗാന്ധി പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർഥികളായ ഇന്ദ്രജ് ഗുർജറിനും മനീഷ് യാദവിനും വേണ്ടി പ്രചരണത്തിനെത്തിയതായിരുന്നു പ്രിയങ്ക. നവംബർ 25-നാണ് രാജസ്ഥാൻ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.


