ഗുജറാത്തിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ഗർബ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് പത്തു പേർ മരിച്ചതിനു പിന്നാലെ പ്രതികരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. കോവിഡ് ഗുരുതരമായി ബാധിച്ചിരുന്നവർ അമിതമായ വ്യായാമത്തിലേർപ്പെടുന്നത് ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു. കോവിഡ്ബാധയും ഹൃദയാഘാതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് മൻസൂഖ് മാണ്ഡവ്യ പറഞ്ഞത്. ഐ.സി.എം.ആറിന്റെ പഠനം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം.

കോവിഡ് ഗുരുതരമായി ബാധിച്ചിട്ടുള്ള ചരിത്രമുള്ളവർ ഒന്നുരണ്ടു വർഷത്തേക്ക് കടുത്ത വ്യായാമങ്ങളിലും ശാരീരിക പ്രവർത്തനങ്ങളിലും ഏർപ്പെടാതിരിക്കണമെന്നും അതുവഴി ഹൃദയാഘാതം തടയാമെന്നും ഐ.സി.എം.ആറിന്റെ പഠനത്തിൽ പറയുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അത്തരക്കാർ കഠിനമായ വർക്കൗട്ടുകൾ, ഓട്ടം തുടങ്ങിയവയിൽനിന്ന് ഒന്നോ രണ്ടോ വർഷത്തേക്ക് വിട്ടുനിൽക്കണമെന്നാണ് ഐ.സി.എം.ആർ പറയുന്നത്.
ഗർബ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതംവന്ന് 24 മണിക്കൂറിനിടെയാണ് ഗുജറാത്തിൽ പത്തു പേർ മരിച്ചത്. ബറോഡയിൽനിന്നുള്ള 13-കാരനും മരിച്ചവരിൽ ഉൾപ്പെട്ടിരുന്നു. നവരാത്രി ആഘോഷം തുടങ്ങി ആദ്യ ഒരാഴ്ചയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആംബുലൻസ് സഹായംതേടി 521 ഫോൺകോളുകളും ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിട്ടതിനെത്തുടർന്ന് 609 പേരും ആംബുലൻസ് സഹായം തേടിയിരുന്നു.

മരണങ്ങളുണ്ടായ സാഹചര്യത്തിൽ ഗർബ നൃത്തം നടക്കുന്നതിനു സമീപമുള്ള ആശുപത്രികൾക്ക് സംസ്ഥാന സർക്കാർ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഗർബ നൃത്തപരിപാടി നടത്തുന്നയിടങ്ങളിലേക്ക് ആംബുലൻസുകൾക്ക് എത്തിച്ചേരാനുള്ള വഴിയൊരുക്കണമെന്നും സംഘാടകർ നിർദേശം നൽകിയിരുന്നു.


