സിംഗപ്പൂരിൽ അവധിയാഘോഷിക്കാനെത്തിയ ജാപ്പനീസ് യുവതിയും സുഹൃത്തുക്കളും തങ്ങൾ കഴിച്ച ഭക്ഷണത്തിൻ്റെ ബില്ല് കണ്ട് ഞെട്ടിയിരിക്കുകയാണ്. റെസ്റ്റോറൻ്റിൽ വിളമ്പിയ ഒരു ഞണ്ട് കറിയ്ക്ക് 680 ഡോളറാണ് (56,503രൂപ) റെസ്റ്റോറന്റ്റ് ഉടമകൾ ഈടാക്കിയത്. ഭക്ഷണത്തിന് ഇത്രയും രൂപയാകുമെന്ന് റെസ്റ്റോറന്റ്റ് ജീവനക്കാർ തന്നോട് പറഞ്ഞില്ലെന്ന് ആരോപിച്ച യുവതി ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു.

ജുങ്കോ ഷിൻബയെന്ന യുവതിയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ആഗസ്റ്റ് 19 നാണ് സംഭവം നടന്നത്. സിംഗപ്പൂരിലെത്തിയ ജുങ്കോയും സുഹൃത്തുക്കളും സീഫുഡ് പാരഡൈസ് എന്ന റെസ്റ്റോറൻ്റിലാണ് ഭക്ഷണം കഴിക്കാനായി എത്തിയത്.
റെസ്റ്റോറന്റിലെ ജീവനക്കാരൻ്റെ നിർദ്ദേശത്തെത്തുടർന്ന് ജുങ്കോ അലാസ്കൻ കിംഗ് ചില്ലി ക്രാബ് എന്ന ഡിഷ് ഓർഡർ ചെയ്യുകയായിരുന്നു. 20 ഡോളർ എന്നാണ് ഹോട്ടൽ വെയിറ്റർ ഈ കറിയുടെ വില പറഞ്ഞത്. എന്നാൽ 100 ഗ്രാമിനാണ് 20 ഡോളർ എന്ന കാര്യം വ്യക്തമായി തങ്ങളോട് പറഞ്ഞില്ലെന്നാണ് ജുങ്കോയും സുഹൃത്തുക്കളും ആരോപിച്ചത്. പാകം ചെയ്ത ശേഷം എത്രയാണ് ഞണ്ടിന്റെ ഭാരം എന്നും തങ്ങളോട് പറഞ്ഞില്ലെന്നും ഇവർ ആരോപിച്ചു. ഏകദേശം 3500 ഗ്രാം കറിയാണ് ഇവർക്കായി ഹോട്ടൽ ജീവനക്കാർ വിളമ്പിയത്. ഇതേത്തുടർന്നാണ് 680 ഡോളർ ബില്ല് നൽകിയത്.
ബില്ല് കണ്ട് ഞങ്ങൾ സ്തബ്ധരായി. നാല് പേർ കഴിച്ച ഭക്ഷണത്തിന് ഇത്രയധികം രൂപയോ എന്ന് അതിശയിച്ചു. ഒരു വലിയ ഞണ്ടിനെ ഞങ്ങൾ നാലുപേർക്കായി മാത്രം പാചകം ചെയ്യുകയാണെന്ന കാര്യം അവർ ഞങ്ങളോട് പറഞ്ഞിരുന്നില്ല. എല്ലാ റെസ്റ്റോറൻ്റുകളിലും ഞണ്ടിൻ്റെ കുറച്ച് ഭാഗങ്ങൾ മാത്രമാണ് കറിയ്ക്കായി എടുക്കുക,” ജുങ്കോ പറഞ്ഞു.
ഇതോടെ പോലീസിനെ വിളിയ്ക്കാൻ ജുങ്കോ ഹോട്ടലുടമയോട് ആവശ്യപ്പെടുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസുദ്യോഗസ്ഥരോട് ജുങ്കോ കാര്യം പറയുകയും ചെയ്തു. എന്നാൽ തങ്ങൾ അമിത ചാർജ് ഈടാക്കിയിട്ടില്ലെന്നാണ ഹോട്ടൽ ജീവനക്കാരുടെ വാദം. മറ്റൊരു ഉപഭോക്താവ് ഇതേ ഡിഷ് ഓർഡർ ചെയ്ത വിവരവും ജുങ്കോയേയും സംഘത്തേയും അറിയിച്ചെന്നും ആ ബില്ലും അവരെ കാണിച്ചിരുന്നുവെന്നുമാണ് ഹോട്ടൽ ജീവനക്കാർ പറഞ്ഞത്.
നീണ്ട ചർച്ചകൾക്കൊടുവിൽ ജുങ്കോയ്ക്കും സംഘത്തിനും 78 ഡോളർ (6,479 രൂപ) ഡിസ്കൗണ്ട് നൽകാൻ ഹോട്ടലുടമ സമ്മതിച്ചു. തങ്ങൾ ജീവനക്കാരുടെ ഒപ്പമാണെന്നാണ് ഹോട്ടൽ പ്രതിനിധികൾ പറഞ്ഞത്. ജുങ്കോയിൽ നിന്ന് ഓർഡർ സ്വീകരിക്കുന്നതിന് മുമ്പ് തന്നെ തങ്ങളുടെ ജീവനക്കാർ കറിയുടെ വിലയും ഞണ്ടിന്റെ ഭാരവും കൃത്യമായി പറഞ്ഞിരുന്നുവെന്നും ജീവനക്കാരുടെ ഭാഗത്ത് യാതൊരു പിഴയുമില്ലെന്നാണ് ഹോട്ടൽ പ്രതിനിധികളുടെ വാദം.
ജുങ്കോ ഷിൻബെ ഈ വിവരം സിംഗപ്പൂർ ടൂറിസം ബോർഡിനേയും അറിയിച്ചിരുന്നു. ഇവരുടെ കേസ് സിംഗപ്പൂർ ഉപഭോക്തൃ അസോസിയേഷനിലേക്ക് റഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്.


