തിരുവനന്തപുരത്ത് വീണ്ടും നിപ സംശയം. കാട്ടാക്കട സ്വദേശിനിക്കും മെഡിക്കൽ കോളജിലെ ഒരു വിദ്യാഥിക്കുമാണ് രോഗ സംശയം. ഇരുവരുടേയും സാംപിളുകൾ പരിശോധനയ്ക്ക് അയക്കും. രണ്ടു പേരെയും ഐസലേഷനിലേയ്ക്ക് മാറ്റും.
മെഡിക്കൽ കോളജ് വിദ്യാർഥി കോഴിക്കോട് നിന്ന് വന്നതാണ്. കാട്ടാക്കട സ്വദേശിനിയുടെ ബന്ധുക്കളും കോഴിക്കോട് നിന്ന് വന്നവരുമാണ്.

ഫറോക്ക് ചെറുവണ്ണൂരിൽ നിപ സ്ഥിരീകരിച്ച 39 വയസുകാരന്റെ റൂട്ട് മാപ്പ് അധികൃതർ പുറത്തുവിട്ടു. സെപ്റ്റംബർ എട്ടിന് രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ ചെറുവണ്ണൂരിലെ രാംകോ സിമൻ്റ് ഗോഡൗണിൽ ചെലവഴിച്ച ശേഷം ഉച്ചയ്ക്ക് 12.30ന് ചെറുവണ്ണൂർ ജമാഅത് മസ്ജിദിലെത്തി.
മസ്ജിദിൽനിന്ന് ഉച്ചയ്ക്ക് യുകെ ചായക്കടയിലും വൈകീട്ട് 5.30ന് അഴിഞ്ഞിലത്തുള്ള ഭാര്യയുടെ വീട്ടിലേക്കും ഇയാൾ പോയി. ഭാര്യവീട്ടിൽ കുറച്ചുസമയം ചെലവിട്ട ശേഷം സ്വന്തം വീട്ടിൽ തിരിച്ചെത്തി.
സെപ്റ്റംബർ ഒമ്പതിന് ചെറുവണ്ണൂരിലെ രാംകോ സിമൻ്റ് ഗോഡൗണിലെത്തുകയും ഉച്ചയ്ക്ക് ശേഷം ഫറോക്കിലെ ടിപി ആശുപത്രി സന്ദർശിക്കുകയും ചെയ്തു. അവിടുന്ന് തിരിച്ച് സ്വന്തം വീട്ടിലേക്ക് പോയ ശേഷം വൈകിട്ട് 5.30 മുതൽ 6 മണി വരെ ഫറോക്കിലെ ടിപി ആശുപത്രിയിലെത്തി. അവിടുന്ന് തിരിച്ച് വീട്ടിലേക്ക് പോയി. സെപ്റ്റംബർ 10 ന് വീട്ടിൽ തന്നെയായിരുന്നു അദ്ദേഹം.

സെപ്റ്റംബർ 11ന് രാവിലെ 10 മണിക്കും ഉച്ചയ്ക്ക് 12 മണിക്ക് ഇടയിൽ ഫറോക്കിലെ ടിപി ആശുപത്രിയിൽ ചെലവഴിച്ച് വീട്ടിൽ തിരിച്ചെത്തി. അന്നേ ദിവസം രാത്രി 9.20 മുതൽ സെപ്റ്റംബർ 14ന് ഉച്ചയ്ക്ക് 12 മണി വരെ ഫറോക്കിലെ ക്രസന്റ് ആശുപത്രിയിൽ ചെലവഴിച്ചു. സെപ്റ്റംബർ 14ന് ഉച്ചയ്ക്ക് 12.30 മുതൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


