മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരച്ചടങ്ങുകളിൽ ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന ഉമ്മൻ ചാണ്ടിയുടെ അഭിലാഷം കുടുംബാംഗങ്ങൾ രേഖാമൂലം അറിയിച്ച സാഹചര്യത്തിലാണ് സർക്കാർ ഈ തീരുമാനം എടുത്തത്. കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

ഔദ്യോഗിക ബഹുമതി വേണ്ടെന്ന ആഗ്രഹം ഉമ്മൻ ചാണ്ടി പ്രകടിപ്പിച്ചതായി അദ്ദേഹത്തിന്റെ ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ, ഉമ്മൻ ചാണ്ടിക്ക് പൂർണ ബഹുമതി നൽകണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിൽ അഭിപ്രായപ്പെട്ടത്. വ്യത്യസ്ത അഭിപ്രായം ഉയർന്നുവന്നതോടെ കുടുംബാംഗങ്ങളുമായി സംസാരിച്ച് അന്തിമതീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തുകയായിരുന്നു.
തുടർന്ന് ചീഫ് സെക്രട്ടറി കുടുംബവുമായി സംസാരിക്കുകയും ഉമ്മൻ ചാണ്ടിയുടെ അന്ത്യാഭിലാഷം അനുസരിച്ച് ഔദ്യോഗിക ബഹുമതി ഒഴിവാക്കാൻ തീരുമാനിക്കുകയുമായിരുന്നു.

മരണത്തിലും സാധാരണക്കാരനാകാൻ ആഗ്രഹിച്ചയാളാണ് . അതുകൊണ്ടാണ് സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികൾ വേണ്ട എന്ന് പറഞ്ഞതെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. ജനങ്ങൾ നൽകുന്ന യാത്രാമൊഴിയാണ് അപ്പയ്ക്കു കിട്ടുന്ന ഏറ്റവും വലിയഅംഗീകാരമെന്ന് മകൾ അച്ചു ഉമ്മനും പ്രതികരിച്ചു.
ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ മന്ത്രിസഭാ യോഗം അനുശോചനം രേഖപ്പെടുത്തി. വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത നിലയിൽ ഉയർന്ന വ്യക്തിത്വങ്ങളുണ്ട്. അവർക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മൻചാണ്ടിയുടെ സ്ഥാനമെന്ന് അനുശോചന കുറിപ്പിൽ പറയുന്നു. ധനം, ആഭ്യന്തരം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നൽകിയ സംഭാവനകൾ അവിസ്മരണീയമാണെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിലാണ് ഉമ്മൻ ചാണ്ടിയുടെ സംസ്കാരം നടക്കുക.


