വിവാഹത്തട്ടിപ്പുകേസിൽ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത ബെംഗളൂരു സ്വദേശി മറ്റ് ഒമ്പത് യുവതികളുമായും വിവാഹക്കാര്യം ചർച്ച ചെയ്തിരുന്നതായി മൈസൂരു പോലീസ്. ഡോക്ടറാണെന്ന വ്യാജേന വിവാഹം കഴിച്ച് പണവും സ്വർണവും അപഹരിക്കുകയും കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തതായി സോഫ്റ്റ് വെയർ എൻജിനീയർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാനശങ്കരി സ്വദേശിയായ മഹേഷ് കെ.ബി. നായകി (35)നെ മൈസൂരു പോലീസ് പിടികൂടിയത്. തുടരന്വേഷണത്തിൽ ഇയാൾ 15 യുവതികളെ വിവാഹം ചെയ്തതായി കണ്ടെത്തി. ഇതുകൂടാതെയാണ് മറ്റ് ഒമ്പത് യുവതികളുമായുള്ള വിവാഹത്തിന് ഇയാൾ തയ്യാറെടുപ്പുകൾ നടത്തിയിരുന്നതായി പോലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

അഞ്ചാം ക്ലാസ് വിദ്യാഭ്യാസമുള്ള മഹേഷ് ഡോക്ടറാണെന്നും എൻജിനീയറാണെന്നും പരിചയപ്പെടുത്തിയാണ് സ്ത്രീകളെ കബളിപ്പിച്ചിരുന്നത്. മാട്രിമോണിയൽ സൈറ്റുകളിൽ ഡോക്ടറാണെന്നോ എൻജിനീയറാണെന്നോ അവകാശപ്പെട്ടാണ് മഹേഷ് രജിസ്റ്റർ ചെയ്തിരുന്നത്. കഴിഞ്ഞ പത്തുവർഷമായി പ്രതി ഇത്തരത്തിൽ തട്ടിപ്പ് തുടരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൂന്ന് ഭാര്യമാരിലായി ഇയാൾക്ക് അഞ്ച് കുട്ടികളുണ്ട്. മൂന്ന് യുവതികളിൽ നിന്നായി ഇയാൾ മൂന്ന് കോടി രൂപയോളമാണ് ഇതിനോടകം തട്ടിയെടുത്തത്.
മഹേഷിനെതിരെ പോലീസിൽ പരാതി നൽകിയ നാൽപത്തഞ്ചുകാരിയായ സോഫ്റ്റ് വെയർ എൻജിനീയർ 2022 ഓഗസ്റ്റ് 22 നാണ് മാട്രിമോണി സൈറ്റിലൂടെ മഹേഷിനെ കണ്ടുമുട്ടിയതെന്ന് പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. താനൊരു അസ്ഥിരോഗവിദഗ്ധനാണെന്നും മൈസൂരുവിൽ താമസിക്കുകയാണെന്നും ഇയാൾ വിവാഹത്തിനുള്ള താത്പര്യം അറിയിച്ച് മഹേഷ് പറഞ്ഞതായാണ് റിപ്പോർട്ട്. ഡിസംബറിൽ മഹേഷ് ഇവരെ മൈസൂരുവിൽ കൂട്ടിക്കൊണ്ടുവരികയും വാടകയ്ക്കെടുത്ത വീട് കാണിച്ചുകൊടുത്ത് സ്വന്തം വീടാണെന്ന് അവകാശപ്പെടുകയും ചെയ്തു. കൂടാതെ പുതിയൊരു ക്ലിനിക് ആരംഭിക്കാനുള്ള ഒരുക്കത്തിലാണെന്ന് പറയുകയും ചെയ്തു.

ജനുവരി 28 ന് ഇരുവരും യുവതിയുടെ സ്വദേശമായ വിശാഖപട്ടണത്തിൽ വെച്ച് വിവാഹിതരായി. അടുത്ത ദിവസം ഇവർ മൈസൂരുവിലെത്തി. അതിനടുത്ത ദിവസം താൻ ജോലിസംബന്ധമായി മൂന്ന് ദിവസത്തേക്ക് പോകുകയാണെന്ന് മഹേഷ് പറഞ്ഞു. പിന്നാലെ ക്ലിനിക് ആരംഭിക്കാൻ എഴുപത് ലക്ഷം രൂപ വേണമെന്നാവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഈ തുക നൽകാൻ യുവതി വിസ്സമ്മതിച്ചതോടെ മഹേഷ് ഭീഷണിപ്പെടുത്തി. ഫെബ്രുവരി അഞ്ചിന് യുവതിയുടെ കയ്യിലുണ്ടായിരുന്ന 15 ലക്ഷം രൂപയും സ്വർണവുമായി മഹേഷ് മുങ്ങി. മഹേഷുമായി ഫോണിൽ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ മഹേഷിന്റെ ഭാര്യയെന്ന് അവകാശപ്പെട്ട് മറ്റൊരു യുവതി തേടിയെത്തിയതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള മഹേഷിന്റെ പോരായ്മയാണ് ഇയാളുടെ തട്ടിപ്പിൽനിന്ന് പലരെയും രക്ഷിച്ചതെന്നാണ് പോലീസ് പറയുന്നത്. ഡോക്ടറാണെന്ന് പരിചയപ്പെടുത്തി ഇംഗ്ലീഷിലാണ് മഹേഷ് മിക്കവരോടും സംസാരിച്ചിരുന്നത്. എന്നാൽ ഇംഗ്ലീഷ് ഭാഷ മികച്ചരീതിയിൽ കൈകാര്യംചെയ്യാനറിയാത്തത് ഇയാൾക്ക് വെല്ലുവിളിയായി. ഇയാളുടെ ഇംഗ്ലീഷ് കേട്ട് ഉന്നതവിദ്യാഭ്യാസമുള്ള പല യുവതികൾക്കും അപകടം മണത്തെന്നും ഇത്തരത്തിൽ ഒട്ടേറെ യുവതികളാണ് പ്രതിയുടെ വിവാഹാലോചനകൾ വേണ്ടെന്നുവെച്ചതെന്നും പോലീസ് പറയുന്നു.

പ്രതിയിൽനിന്ന് രണ്ട് കാറുകളും ഏഴ് മൊബൈൽഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടുലക്ഷം രൂപയും സ്ത്രീകളിൽനിന്ന് കൈക്കലാക്കിയ രണ്ട് സ്വർണവളകൾ, കൈച്ചെയിൻ, നെക്ലേസ്, മോതിരം എന്നിവയും കണ്ടെടുത്തു.


