ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത്, ബസ് സ്റ്റോപ്പിൽ നിർത്തിയ കെ.എസ്.ആർ.ടി.സി. ബസ്സിലേക്ക് കാർ ഇടിച്ചുകയറി അപകടം. വെള്ളിയാഴ്ച രാവിലെ 6.30-നാണ് സംഭവം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരം ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് മാമം ബസ് സ്റ്റോപ്പിൽനിന്ന് യാത്രക്കാരെ കയറ്റുന്നതിനിടെ കാർ, ബസിന് പിറകിൽ ഇടിച്ചുകയറുകയായിരുന്നു. ബസിൽ കയറാനിരുന്ന രണ്ട് യാത്രക്കാരെ ഇടിച്ചതിന് ശേഷമാണ് കാർ ബസിൽ ഇടിച്ചുകയറിയത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡ്രൈവർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. ആറ്റിങ്ങൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഏറെ പരിശ്രമിച്ചതിന് ശേഷമാണ് ഡ്രൈവറെ പുറത്തെടുത്തത്. വർക്കല രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. അലി എന്ന വ്യക്തിയാണ് കാർ ഓടിച്ചിരുന്നത് എന്നാണ് വിവരം. ഇദ്ദേഹത്തിന്റെ സ്വദേശം വ്യക്തമല്ല.


