ബിനീഷ് കോടിയേരിയുടെ ജാമ്യത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യം അനുവദിച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.

ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചു.

ബിനീഷിനെതിരെ വ്യക്തമായ തെളിവുണ്ടായിട്ടും കർണാടക ഹൈക്കോടതി പരിഗണിച്ചില്ല. സാമ്പത്തിക സ്രോതസ് സംബന്ധിച്ച് ബിനീഷ് കോടിയേരി കൃത്യമായ വിശദീകരണം നൽകിയിട്ടില്ലെന്നും ഇ ഡി ചൂണ്ടിക്കാട്ടി.

ഇഡി രജിസ്റ്റർ ചെയ്ത കേസിലെ നാലാം പ്രതിയായിരുന്നു ബിനീഷ്. കേസില്‍ ഒരു വര്‍ഷത്തോളം ബിനീഷ് ബാംഗ്ലൂരുവിലെ ജയിലിലായിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28 നാണ് കര്‍ണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചത്.

ബിനീഷ് ജാമ്യം നേടി പുറത്തിറങ്ങി അഞ്ച് മാസങ്ങള്‍ക്കിപ്പുറമാണ് ഇ.ഡി ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.



