
എരുമേലി ശബരിമല വിമാനത്താവള പദ്ധതി, ശബരി റെയിൽവേ എന്നിവയും എരുമേലിയിൽ മിനി സിവിൽ സ്റ്റേഷനും നടപ്പിലാക്കുന്നത് ഉൾപ്പെടെ വികസന പ്രവർത്തനങ്ങൾക്ക് താമസിയാതെ തുടക്കം കുറിക്കുമെന്ന് പൂഞ്ഞാർ മണ്ഡലം നിയുക്ത എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു….പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എല്ലാവർക്കും വീടും കുടിവെള്ളവും ഉറപ്പാക്കുമെന്ന് നിയുക്ത എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ വ്യക്തമാക്കി.എരുമേലിയിൽ കോവിഡ് ചികിത്സാ കേന്ദ്രം ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .എരുമേലി പ്രസ്സ് ക്ലബ്ബിൽ നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ .
പമ്പാവാലി മൂലക്കയത്ത് തൊട്ടടുത്തുള്ള സ്കൂളിൽ പോകാൻ അഞ്ച് കിലോമീറ്റർ ചുറ്റേണ്ടിവരുന്ന അവസ്ഥ ഇനി ഉണ്ടാകില്ല. ഇവിടെ പാലം നിർമിച്ച് വിദ്യാർത്ഥികളുടെ സ്കൂൾ യാത്രക്കുള്ള തടസം പരിഹരിക്കും.മണ്ഡലത്തിലെ വന മേഖലയിൽ സൗര വേലികളുടെ പരിചരണം തൊഴിലുറപ്പ് ജോലിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളും വനം വകുപ്പുമായി ചർച്ച നടത്തി തീരുമാനമെടുക്കും. വന്യ മൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തടയാൻ ഇത് ഉൾപ്പെടെ നടപടികൾ സ്വീകരിക്കും.
റബർ മേഖലയിൽ സിയാൽ മാതൃക നടപ്പിലാക്കും. മണ്ഡലത്തിൽ ഐ ടി പാർക്ക് സ്ഥാപിക്കും.
തെരഞ്ഞെടുപ്പിൽ തന്റെ പ്രധാന പ്രതിയോഗി നടത്തിയ വിദ്വേഷ പരാമർശങ്ങൾക്ക് ജനം നൽകിയ മികച്ച പ്രതികരണം ആണ് തന്റെ വിജയം. വോട്ട് ചെയ്തവരോട് എന്നും താൻ കടപ്പെട്ടിരിക്കും. നല്ല എംഎൽഎ ആണെന്ന് പൂഞ്ഞാർ ജനത ഒന്നടങ്കം തന്നെക്കുറിച്ച് പറയുന്ന വിധം എല്ലാവർക്കും തുല്യ നീതി നൽകി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അടിയന്തിരമായി നടത്തുന്നതിനുള്ള വിവിധ പരിപാടികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. .മുടങ്ങിക്കിടക്കുന്ന പദ്ധതികൾ ഉൾപ്പെടെ നടത്താനുദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു.
പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് സുനിൽ പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സോജൻ ജേക്കബ് സ്വാഗതം പറഞ്ഞു. എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. നിയുക്ത എംഎൽഎ ക്ക് ശബരി വിമാനത്താവളം, ശബരി റെയിൽവേ, എരുമേലി ശ്രീ ധർമ ശാസ്താ ക്ഷേത്രം, നൈനാർ ജുമാ മസ്ജിദ്, അസംപ്ഷൻ ഫൊറോന പള്ളി എന്നിവയുടെ ചിത്ര മാതൃക ഉൾപ്പെട്ട പ്രസ്സ് ക്ലബ്ബിന്റെ ഉപഹാരം സമ്മാനിച്ചു. പ്രസ്സ് ക്ലബ്ബ് ഭാരവാഹികളായ സജി തോമസ് പുല്ലാട്ട് (മലയാള മനോരമ ), ജയേഷ് തമ്പാൻ, ടി എസ് ജയകുമാർ (മേഘദൂത് ന്യൂസ് ചാനൽ ), അബ്ദുൽ മുത്തലിബ് (ദീപിക ), സുനിൽകുമാർ (ശബരി ന്യൂസ് ), വിപിൻ രാജു (കേരള ടൈംസ് ), മുത്തലിബ് (കേരള ടൈംസ് ), ഇഖ്ബാൽ ഇല്ലത്തുപറമ്പിൽ (ദേശാഭിമാനി ), അജീഷ് വേലനിലം (ന്യൂസ് മുണ്ടക്കയം ), പ്രിൻസ് കെ സേവ്യർ (ന്യൂസ് ടു കേരളം ), അബി പി മാഹീൻ (പോസിറ്റീവ് മീഡിയ ), സന്ദീപ് സെബാസ്റ്റ്യൻ (കോട്ടയം പി ആർ ഡി ഫോട്ടോഗ്രാഫർ ), നെജിമോൻ പി ജെ (റെഡ് മീഡിയ ), ഫ്രാങ്ക്ലിൻ (ന്യൂസ് എരുമേലി ഫേസ്ബുക് പേജ് ), അരവിന്ദ് പാത്തിക്കൽ (വിഡിയോഗ്രാഫർ- പി ആർ ഡി കോട്ടയം ) തുടങ്ങിയവർ, ഗ്രാമ പഞ്ചായത്ത് അംഗം വി ഐ അജി, എരുമേലി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം സുശീൽ കുമാർ എന്നിവർ പങ്കെടുത്തു.


