ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭ.ഭ.ബ. (ഭയം ഭക്തി ബഹുമാനം)’ യുടെ ചിത്രീകരണത്തിൽ മോഹൻലാലും ചേർന്നതായി സ്ഥിരീകരിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണൻ. ധനഞ്ജയ് ശങ്കർ സംവിധാനംചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലെത്തുമെന്ന് വ്യാപക പ്രചാരണമുണ്ടായിരുന്നു. ചിത്രത്തിനുവേണ്ടി മോഹൻലാലിനെ സമീപിച്ചിരുന്നുവെന്ന് അണിയറ പ്രവർത്തകരും സൂചിപ്പിച്ചിരുന്നു. എന്നാൽ, മോഹൻലാൽ ചിത്രത്തിൽ ചേർന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഇതിനിടെയാണ് ബി. ഉണ്ണികൃഷ്‌ണന്റെ വെളിപ്പെടുത്തൽ.
‘ഭ.ഭ.ബ’യുടെ സെറ്റിൽ താൻ പോയിരുന്നതായി ബി. ഉണ്ണികൃഷ്ണൻ കഴിഞ്ഞദിവസം ഒരു പരിപാടിയിൽ പറഞ്ഞു. ദിലീപും മോഹൻലാലും ചേർന്നുള്ള ഗാനചിത്രീകരണരംഗം കണ്ടു. മലയാളസിനിമ കണ്ട ഏറ്റവും വലിയ വിജയമാകാനുള്ള സാധ്യത ‘ഭ.ഭ.ബ’യ്ക്കുണ്ടെന്ന് ഉണ്ണികൃഷ്‌ൻ കൂട്ടിച്ചേർത്തു.

നടി നൂറിൻ ഷെരീഫും ഭർത്താവ് ഫാഹിം സഫറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാസ് കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസനും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണാ, റെഡിൻ കിങ്സിലി, ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, ധനശ്രീ, ലങ്കാ ലഷ്‌മി, കോറിയോഗ്രാഫർ സാന്റി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. വമ്പൻ ബജറ്റിൽ ഒരുക്കുന്ന ചിത്രം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിച്ചത്. ചിത്രത്തിൻ്റെ ടീസർ ജൂലൈ നാലിന് പുറത്തിറങ്ങിയിരുന്നു.


