പുന്നപ്രയിൽ ഉദിച്ചുയർന്ന കേരളത്തിന്റെ സമരസൂര്യനാണ് കഴിഞ്ഞദിവസം അന്തരിച്ച മുൻമുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദൻ. സമരകേരളത്തിൻ്റെ പര്യായ പദമായി അദ്ദേഹം എന്നും നിലകൊണ്ടു. ഒത്തുതീർപ്പുകളില്ലാത്ത പോരാട്ടങ്ങൾക്കിടിയിലും അദ്ദേഹം സിനിമയിലും ഒരുകൈ നോക്കിയെന്നത് പലരുടേയും ഓർമയിലില്ലാത്ത ഒരേടാണ്.
അധികകാലം മുമ്പൊന്നുമല്ല, തന്റെ 91-ാം വയസ്സിലാണ് വി.എസ്. ആദ്യമായി ഒരു ചിത്രത്തിൽ അഭിനയിച്ചത്. ബദ്രി, സ്വാസിക, സറീന, ജഗദീഷ്, തലൈവാസൽ വിജയ് എന്നിവർ അഭിനയിച്ച ‘അറ്റ് വൺസ്’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലാണ് വി.എസ്. എത്തിയത്. ഒരു പരിപാടിയിൽ പ്രസംഗിക്കുന്നതായിരുന്നു രംഗം. സയ്യിദ് ഉസ്മാൻ ആണ് ചിത്രം സംവിധാനംചെയ്‌തത്. 2014-ലാണ് ചിത്രം പുറത്തിറങ്ങിയത്.

പിന്നീട് രണ്ടുവർഷങ്ങൾക്കുശേഷം പുറത്തിറങ്ങിയ ‘കാംപസ് ഡയറീസ്’ എന്ന ചിത്രത്തിലും വി.എസ്. അഭിനയിച്ചു. പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിലും വി.എസ്. ആയി തന്നെയാണ് അദ്ദേഹം അഭിനയിച്ചത്. വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പരിസ്ഥിതി സമരത്തിന് പിന്തുണയുമായി എത്തുന്ന വേഷമായിരുന്നു ചിത്രത്തിൽ. ജീവൻ ദാസ് ആയിരുന്നു സംവിധാനം.
കണ്ണൂർ കൂത്തുപറമ്പിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. സുദേവ് നായർ, തലൈവാസൽ വിജയ്, സുരാജ് വെഞ്ഞാറമ്മൂട്, മാമുക്കോയ, സുനിൽ സുഖദ, ഗൗതമി നായർ, ജോയ് മാത്യു, കോട്ടയം നസീർ എന്നിവർ ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. റിലീസ് ചെയ്തതിന് പിന്നാലെ കുടുംബത്തോടൊപ്പം വി.എസ്. ചിത്രം കാണാനെത്തുകയും ചെയ്തിരുന്നു.


