ബംഗ്ലാദേശ് ധാക്കയിലെ ഉത്തര മേഖലയിലുള്ള മൈൽസ്റ്റോൺ സ്കൂളിന് സമീപം തിങ്കളാഴ്‌ച രാവിലെ നടന്ന യുദ്ധവിമാനാപകടം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ട് ദൃക്‌സാക്ഷികൾ. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണി കഴിഞ്ഞ്, ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് വിമാനം തകർന്നുവീണത്. പതിനാറ് വിദ്യാർഥികളും രണ്ട് അധ്യാപകരും പൈലറ്റ് ഫ്ലൈറ്റ് ലെഫ്റ്റനന്റ് തൗകിർ ഇസ്ലാമും ഉൾപ്പെടെ 19 പേരാണ് അപകടത്തിൽ മരണപ്പെട്ടത്. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
‘ക്ലാസ് കഴിഞ്ഞ് അധ്യാപക മുറിയിലേക്ക് തിരിച്ച് വന്ന സമയത്താണ് ഒരു വലിയ പൊട്ടിത്തെറി ശബ്‌ദം കേട്ടത്. സംഭവിച്ചത് എന്താണെന്നറിയാൻ പുറത്തേക്ക് ഓടിയപ്പോൾ കാണേണ്ടി വന്നത് ഭീകരമായ കാഴ്ചയായിരുന്നു. തീപിടിച്ച ശരീരവുമായി ഭയന്നോടുന്ന കുട്ടികൾ. ഉടൻ വാഷ്റൂമിലേക്ക് ഓടി, പൊള്ളലേറ്റ വിദ്യാർത്ഥികളുടെ ശരീരത്തിൽ വെള്ളം തളിച്ചു. അപ്പോഴേക്കും തീയും പുകയും സ്‌കൂൾ മുഴുവൻ വ്യാപിച്ചിരുന്നു. അതേസമയം, മറ്റൊരു അധ്യാപകൻ ക്ലാസ്‌മുറികൾ ഒഴിപ്പിക്കാൻ വിളിച്ചുപറയുന്നുണ്ടായിരുന്നു. തിരിച്ചെത്തിയപ്പോഴേക്കും പൊള്ളലേറ്റ നിലയിൽ സഹപ്രവർത്തകരെയും കാണേണ്ടിവന്നു. കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടപ്പോൾ നിസ്സഹായായി നിൽക്കാനേ കഴിഞ്ഞുള്ളൂ. എനിക്ക് മാത്രം എന്താണ് ഒന്നും സംഭവിക്കാതിരുന്നതെന്ന് ഞാൻ അത്ഭുതപ്പെട്ടുപോയി’- സംഭവത്തിന് ദൃക്സാക്ഷിയായ മൈൽസ്റ്റോൺ അധ്യാപിക പൂർണിമ ദാസ് തൻ്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഉറ്റസുഹൃത്തുക്കളൊക്കെ കൺമുന്നിൽ ജീവനോടെ കത്തിയെരിയുന്നത് കാണേണ്ടി വന്ന വിദ്യാർഥികൾക്കുണ്ടായ മാനസികാഘാതം വളരെ വലുതാണ്. ‘വിമാനം സ്കൂൾ കെട്ടിടത്തിൽ തട്ടി വീണത് എന്റെ കണ്ണുമുന്നിലായിരുന്നു,’ എന്നാണ് പരീക്ഷ കഴിഞ്ഞ് ക്ലാസ് മുറിയിൽ നിന്ന് പുറത്തു വന്ന ഫർഹാൻ ഹസൻ പറഞ്ഞത്. കൂടെ പരീക്ഷയെഴുതിയ കൂട്ടുകാരൻ കൺമുന്നിൽ മരിച്ചുവീണതിൻ്റെ ഞെട്ടലിലാണ് ഹസൻ. മറ്റൊരു അധ്യാപകനായ മസൂദ് താരിക് തന്റെ അനുഭവം ഓർമ്മിച്ചെടുത്തു, ഒരു വലിയ പൊട്ടിത്തെറിയുടെ ശബ്‌ദം കേട്ടതും, തിരിഞ്ഞുനോക്കിയപ്പോൾ തീയും പുകയും മാത്രമായിരുന്നു കാണാൻ സാധിച്ചതെന്നാണ് അധ്യാപകനായ മസൂദ് താരിക് മാധ്യങ്ങളോട് സംസാരിക്കവെ പറഞ്ഞത്.
ബംഗ്ലദേശ് വ്യോമസേനയുടെ പക്കലുള്ള ചൈനീസ് നിർമിത ]-7 യുദ്ധവിമാണ് പരിശീലന പറക്കലിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ധാക്കയിലെ സ്കൂൾ കെട്ടിടത്തിനു മുകളിൽ തകർന്നുവീണത്. പതിവു പരിശീലനത്തിന്റെ ഭാഗമായി കുർമിറ്റോലയിലെ ബംഗ്ലാദേശിന്റെ വ്യോമതാവളമായ ബീർ ഉത്തം എകെ ബന്ദേക്കറിൽനിന്ന് പുറന്നുയർന്നതായിരുന്നു വിമാനം. നിമിഷങ്ങൾക്കകം സാങ്കേതികത്തകരാർ സംഭവിച്ച് തകർന്നുവീഴുകയായിരുന്നു. വിമാനത്തിന് യന്ത്രത്തകരാറുണ്ടായിരുന്നുവെന്നും ജനവാസം കുറഞ്ഞ പ്രദേശത്ത് ലാൻഡിങിന് ശ്രമിക്കുമ്പോഴാണ് അരകടം ഉണ്ടായതെന്നും ബംഗ്ലാദേശ് വ്യോമസേന വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി.


