മുൻമുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലിയർപ്പിച്ച് നടൻ മോഹൻലാൽ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വി.എസ്സിനെ അനുസ്മരിച്ചത്. ജീവിതം തന്നെ സമരമാക്കിയ ജനനായകനാണ് വി.എസ്. എന്ന് പറഞ്ഞ മോഹൻലാൽ മലയാളിയുടെ മനസിൽ അദ്ദേഹത്തിന് മരണമില്ലെന്നും കൂട്ടിച്ചേർത്തു.

‘ജീവിതം തന്നെ സമരമാക്കിയ ജനനായകൻ, പ്രിയപ്പെട്ട സഖാവ് വി.എസ്സിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ. സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്തിത്വവുമായി എക്കാലത്തും സ്നേഹബന്ധം പുലർത്താനായത് ഭാഗ്യമായി ഞാൻ കാണുന്നു. മൂന്ന് തവണ പ്രതിപക്ഷ നേതാവായും, ഒരു തവണ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹം നിലപാടുകളിലും ആദർശത്തിലും എക്കാലവും ഉറച്ചുനിന്നു. മലയാളിയുടെ മനസ്സിൽ അദ്ദേഹത്തിന് മരണമില്ല.’ -മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.


