ഇന്ത്യൻ അതിർത്തിയോട് ചേർന്ന് ടിബറ്റിൽ ബ്രഹ്‌മപുത്ര നദിക്ക് കുറുകെ 167.8 ബില്യൺ ഡോളർ ചെലവഴിച്ച് നിർമിക്കുന്ന അണക്കെട്ടിന്റെറെ നിർമാണ പ്രവർത്തനങ്ങൾക്ക് ചൈന ശനിയാഴ്‌ച തുടക്കം കുറിച്ചു.
ചൈനീസ് പ്രീമിയർ ലി ക്വിയാങ് ആണ് അണക്കെട്ടിന്റെ നിർമാണോദ്ഘാടനം നടത്തിയത്. ടിബറ്റ് സ്വയംഭരണ പ്രദേശത്തെ നിയിങ്ചിയിലെ മെയിൻലിങ് ജലവൈദ്യുത നിലയത്തിൻ്റെ നിർമാണ സ്ഥലത്താണ് തറക്കല്ലിടൽ ചടങ്ങ് നടന്നതെന്ന് ചൈനീസ് സർക്കാർ നിയന്ത്രിത വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
നിർമാണം പൂർത്തിയാകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായി മാറുന്ന ഈ ജലവൈദ്യുത പദ്ധതി, നദിയുടെ താഴ്ഭാഗത്തുള്ള രാജ്യങ്ങളായ ഇന്ത്യയിലും ബംഗ്ലാദേശിലും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

പദ്ധതിയിൽ അഞ്ച് ജലവൈദ്യുത നിലയങ്ങൾ ഉൾപ്പെടും, ഇതിനായി ഏകദേശം 1.2 ട്രില്യൺ യുവാൻ (ഏകദേശം 167.8 ബില്യൺ യുഎസ് ഡോളർ) വേണ്ടിവരുമെന്നാണ് കണക്കാക്കുന്നുന്നത്. 30 കോടിയിലധികം ആളുകളുടെ വാർഷിക ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമായ വൈദ്യുതിയാകും ഇവിടെ നിന്ന് ഉത്പാദിപ്പിക്കുക എന്നാണ് പറയപ്പെടുന്നത്.
ബ്രഹ്‌മപുത്ര നദി അരുണാചൽ പ്രദേശിലേക്കും തുടർന്ന് ബംഗ്ലാദേശിലേക്കും ഒഴുകുന്നതിനായി ഒരു വലിയ വളവ് തിരിയുന്ന ഒരു ഭീമൻ മലയിടുക്കിലാണ് അണക്കെട്ട് നിർമിക്കുന്നത്.
ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ കഴിയുന്നതിന് പുറമെ അണക്കെട്ടിന്റെ വലുപ്പവും വ്യാപ്‌തിയും സംഘർഷ സമയങ്ങളിൽ അതിർത്തി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാക്കുന്ന രീതിയിൽ വലിയ അളവിൽ വെള്ളം തുറന്നുവിടാൻ ചൈനയെ പ്രാപ്തമാക്കുമെന്നതാണ് ഇന്ത്യയിൽ ആശങ്കകൾക്ക് കാരണമായത്.
അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്രയ്ക്ക് കുറുകെ ഇന്ത്യയും ഒരു അണക്കെട്ട് നിർമിക്കുന്നുണ്ട്.


