രാജസ്ഥാനിലെ ജയ്‌പുരിൽ നാലാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. ഒൻപത് വയസ്സുകാരിയായ പ്രാചി കുമാവത് ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണക്കാരണമെന്നാണ് നിഗമനം. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സ്കൂളിൽവെച്ച് ഉച്ചഭക്ഷണത്തിനായി പാത്രം തുറക്കുന്നതിനിടെ ബോധരഹിതയായി നിലത്തുവീഴുകയായിരുന്നു.
അധ്യാപകർ ഉടൻ തന്നെ കുട്ടിയെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തിക്കുമ്പോൾ പ്രാചിക്ക് നാഡിമിടിപ്പ് ഉണ്ടായിരുന്നില്ല. രക്തസമ്മർദം ആവശ്യമായ അളവിലും താഴ്ന്നിരുന്നു, ശ്വാസമെടുക്കാനും ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ് കാണാനായതെന്ന് ഡോക്ടർമാർ പറഞ്ഞു. സിക്കാറിലെ മറ്റൊരു ആശുപത്രിയിലേക്ക് വീട്ടുകാർ കുട്ടിയെ മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.

പ്രാചിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നനങ്ങളൊന്നുമില്ലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. അതേസമയം, കുഴഞ്ഞുവീണ് മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് പനി ഉണ്ടായിരുന്നു. തിങ്കളാഴ്ച സ്കൂളിൽ എത്തിയപ്പോൾ പൂർണ ആരോഗ്യവതിയായിരുന്നു പ്രാചിയെന്നും സ്കൂൾ അധികൃതർ കൂട്ടിച്ചേർത്തു.
പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുമ്പോൾ തന്നെ കുട്ടിയുടെ ഹൃദയമിടിപ്പ് നിലച്ചിരുന്നതായും സിപിആറും ഓക്സിജനും മറ്റ് ആവശ്യമരുന്നുകളും നൽകിയതായി കുട്ടിയെ ചികിത്സ ഡോക്ടർ സുഭാഷ് പറഞ്ഞു. അത്യപൂർവമായാണ് കുട്ടികളിൽ ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിആറും മറ്റും നൽകിയപ്പോഴുണ്ടായ കുട്ടിയുടെ പ്രതികരണം ഹൃദയാഘാതത്തിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നതെന്ന് ഡോക്‌ടർമാർ പറയുന്നു. കുട്ടി നേരത്തെ ഹൃദ്രാഗി ആയിരിക്കാമെന്നും ഇത് തിരിച്ചറിയപ്പെടാതെ പോയതാകാമെന്നും ഡോക്ടർമാർ പറഞ്ഞു. പ്രാചിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കാൻ കുടുംബം തയ്യാറായില്ല. അന്ത്യകർമ്മങ്ങൾക്കായി മൃതദേഹം കുടുംബത്തിന് വിട്ടുനൽകി.


