മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലകളുൾപ്പെട്ട തൃശ്ശൂർ പോലീസ് റേഞ്ചിൽ ലഹരിക്കടത്ത് കേസുകളിൽ കഴിഞ്ഞ ആറുമാസത്തിനിടെ പോലീസ് കണ്ടുകെട്ടിയത് 63 പ്രതികളുടെ സ്വത്തുവകകൾ. 2025 ജനുവരി മുതൽ ജൂൺവരെ തൃശ്ശൂർ പോലീസ് റേഞ്ചിൽ മൂന്നുജില്ലകളിലായി പോലീസ് പിടികൂടിയത് 1000 കിലോ കഞ്ചാവാണ്. എംഡിഎംഎ 3729 ഗ്രാമും പിടികൂടി.

മലപ്പുറത്ത് ഒമാൻ വഴി പാഴ്‌സലായിവന്ന ഒരുകിലോ എംഡിഎംഎ പിടികൂടിയതും കരിപ്പൂർ വിമാനത്താവളത്തിലൂടെ തായ്ലാൻഡിൽനിന്ന് വന്ന ഒൻപതുകോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടിച്ചതുമാണ് പോലീസിൻ്റെ പ്രധാന വേട്ട. ഹൈദരാബാദിലെ എംഡിഎംഎ നിർമാണകേന്ദ്രം കണ്ടെത്തി പ്രതിയെ പിടിച്ചതാണ് തൃശ്ശൂരിലെ പ്രധാന വേട്ട. നൈജീരിയൻ സംഘവുമായി ചേർന്ന് മുംബൈ കേന്ദ്രമാക്കി മലയാളി യുവാവും യുവതിയും നടത്തിയ എംഡിഎംഎ, കഞ്ചാവ് വിൽപ്പന പിടികൂടിയതാണ് പാലക്കാട്ടെ പ്രധാന സംഭവം.
ലഹരിവസ്തു പിടികൂടുന്ന സമയം മുതൽ ആറുവർഷം സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള 2014-ലെ എൻഡിപിഎസ് ആക്ട് ഭേദഗതിപ്രകാരം ഭൂമി, കെട്ടിടങ്ങൾ, വീട്, വാഹനങ്ങൾ, മറ്റു വസ്‌തുവകകൾ, ബാങ്കിലെ തുക, വിലപിടിപ്പുള്ള മൊബൈൽഫോണുകൾ എന്നിവയാണ് 63 പ്രതികളിൽനിന്ന് കണ്ടുകെട്ടിയത്. അരീക്കോട് സ്റ്റേഷൻ പരിധിയിൽ നിർമാണത്തിലുള്ള വീടും സ്ഥലവും പാലക്കാട് കഞ്ചാവ് വിൽപ്പനക്കാരിയുടെ ബാങ്ക് അക്കൗണ്ടും കണ്ടുകെട്ടിയതാണ് ഇതിൽ പ്രധാനം.


