രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രം തുടരെത്തുടരെ വാർത്തകളിൽ നിറയുകയാണ്. ചിത്രത്തിലെ മോണിക്ക എന്ന ഗാനം ഇതിനോടകം വൈറലായിക്കഴിഞ്ഞു. സൗബിൻ ഷാഹിറിൻ്റെയും പൂജ ഹെ ഗ്ഡേയുടേയും നൃത്തച്ചുവടുകൾ ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ ഈ ഗാനരംഗത്തിലെ സൗബിൻ്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് പൂജ ഹെഗ്ഡേ.
മോണിക്ക എന്ന ഗാനത്തിന് ലഭിച്ച മികച്ച സ്വീകരണത്തിന് പിന്നാലെ ബുധനാഴ്ച ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഈ ഗാനത്തിന്റെ പിന്നണി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ഈ വീഡിയോയിലാണ് പൂജ ഹെഗ്ഡേ സൗബിൻ ഷാഹിറിനെ അഭിനന്ദിച്ചത്. ഗാനത്തിലെ സൗബിന്റെ പ്രകടനം അദ്ദേഹത്തിന് മാത്രം സാധിക്കുന്ന ഒന്നാണെന്നും മറ്റാർക്കുമില്ലാത്ത ഒരു സ്റ്റൈലാണ് സൗബിൻറേതെന്നും അവർ പറഞ്ഞു. നൃത്തസംവിധായകനായ സാൻഡിയും സൗബിനെ പ്രത്യേകം പരാമർശിക്കുന്നുണ്ട്.

കൂലിയിൽ ദയാൽ എന്ന കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിക്കുന്നത്. ഗാനരം ഗത്തിലെ സൗബിൻ്റെ പ്രകടനം ഏവരേയും അദ്ഭുതപ്പെടുത്തിയിരുന്നു. നിരവധി പേർ അദ്ദേഹത്തിന് കയ്യടികളുമായെത്തി. പൂജ ഹെ ഗ്ഡേയെ നിഷ്പ്രഭമാക്കുന്നതാണ് സൗബിന്റെ പ്രകടനമെന്നും കയ്യടി മുഴുവൻ സൗബിൻ കൊണ്ടുപോയെന്നുമുള്ള പ്രതികരണങ്ങളാണ് ഗാനത്തിന് ലഭിക്കുന്നത്.
വിഷ്ണു എടവൻ ആണ് പാട്ടിന് വരികൾ എഴുതിയിരിക്കുന്നത്. സുബ്‌ലാഷിണിയും അനിരുദ്ധമാണ് പാടിയിരിക്കുന്നത്. അസൽ കോലാർ റാപ്പും പാടിയിരിക്കുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ‘കൂലി’യുടെ നിർമാണം. നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ എന്നിവർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ഓഗസ്റ്റ് 14-ന് ചിത്രം പ്രദർശനത്തിനെത്തും.


