നാട്ടിൽ എത്ര കാട്ടുപന്നികളുണ്ടാകും? എണ്ണത്തെക്കുറിച്ച് ധാരണയുണ്ടെങ്കിലേ ശാസ്ത്രീയമായ നിയന്ത്രണം ഉറപ്പാക്കാനാവുവെന്ന് വനംവകുപ്പ്. അതുകൊണ്ടുതന്നെ പഞ്ചായത്തുകൾ ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റികളുമായി ചേർന്ന് നാട്ടിലുള്ള കാട്ടുപന്നികളുടെ എണ്ണം തിട്ടപ്പെടുത്താനുള്ള ശ്രമം തുടങ്ങുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ലഘുലേഖയിൽ വനംവകുപ്പ് വ്യക്തമാക്കുന്നു.
പൂർണമായും പ്രായോഗികമല്ലെങ്കിലും പ്രശ്നക്കാരായ പന്നിക്കൂട്ടങ്ങളെ കണ്ടെത്താനും അവയെ വെടിവെക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സൗകര്യമൊരുക്കാനുമാണ് പദ്ധതി. ജനവാസകേന്ദ്രങ്ങളിൽ നാശങ്ങളുണ്ടാക്കുന്ന കാട്ടുപന്നിയെ കണ്ടെത്തി കൊല്ലുന്നതാണ് നിലവിലെ രീതി. തിരച്ചിലിൽ പന്നിക്കൂട്ടത്തെ കണ്ടാൽ വെടിവെക്കാറില്ല. പകരം, പന്നിക്കൂട്ടമാണ് പ്രശ്നമെന്ന് വിലയിരുത്തി കൂട്ടത്തോടെ വെടിവെക്കാനുള്ള നടപടികളിലേക്ക് തദ്ദേശസ്ഥാപനങ്ങളും കടന്നുതുടങ്ങി.

കാട്ടുപന്നിശല്യം സംസ്ഥാനസർക്കാർ ഗൗരവത്തിലെടുത്തതോടെ തദ്ദേശസ്ഥാപനങ്ങളുടെ നടപടിയിൽ വനംവകുപ്പ് ഇടപെടാറില്ല. കൊന്നശേഷം ഇറച്ചി ഉപയോഗിക്കുന്നത് നിയമപ്രകാരം തടയുകമാത്രമാണ് ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർപേഴ്സൺ, മേയർ എന്നിവരെ വന്യജീവി സംരക്ഷണനിയമത്തിലെ 4 (1) (ബി) വകുപ്പ് പ്രകാരം ഓണററി വൈൽഡ് ലൈഫ് വാർഡൻമാരായി നിയോഗിച്ചിട്ടുണ്ട്. കാട്ടുപന്നികൾ പ്രശ്നക്കാരാണെന്ന് നിശ്ചയിച്ച് ഇവർക്ക് വെടിവെക്കാൻ ഉത്തരവിടാം. തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കും അധികാരം നൽകിയിട്ടുണ്ട്.
വെടിവെക്കാനുള്ള അംഗീകൃത ഷൂട്ടർമാരുടെ പുതുക്കിയ പട്ടിക വനംവകുപ്പ് തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറുകയും ചെയ്തു. ഇവരെ ഉപയോഗിച്ച് ജനവാസമേഖലയിലിറങ്ങിയ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാം. ഒരു പന്നിയെ വെടിവെക്കുന്നതിന് 1500 രൂപയും ജഡം മറവുചെയ്യാൻ 2000 രൂപയും നൽകാൻ സർക്കാർ അനുമതിയുണ്ട്. കാട്ടുപന്നിശല്യം കുറയ്ക്കാൻ തദ്ദേശസ്വയംഭരണവകുപ്പ്, വനംവകുപ്പ്, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ഉൾപ്പെടെയുള്ളവ ചേർന്ന് മിഷൻ വൈൽഡ് പിഗ് എന്ന ദൗത്യവും പുരോഗമിക്കുന്നുണ്ട്.


