വയനാട് ദുരന്തബാധിതരെ സഹായിക്കാനുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കു വിമർശനം. എട്ടുലക്ഷം രൂപ വീതം ചെലവുള്ള 30 വീടുകൾ നിർമിച്ചുനൽകുമെന്ന വാഗ്‌ദാനം പാലിച്ചില്ലെന്നാണ് സംഘടനയുടെ രാഷ്ട്രീയപരിശീലന ക്യാമ്പിൽ വിമർശനമുയർന്നത്.

എന്നാൽ, വിമർശനമുണ്ടായെന്നത് രാഹുൽ മാങ്കൂട്ടത്തിൽ പത്രസമ്മേളനത്തിൽ തള്ളി. 2.4 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്. യൂത്ത് കോൺഗ്രസ് അക്കൗണ്ട് വഴിയാണ് പണംപിരിച്ചത്. 84 ലക്ഷം രൂപ ഇതുവരെ കിട്ടി. ഇത് കെപിസിസിക്കു കൈമാറും. സമാനപദ്ധതി പാർട്ടിയും നടത്തുന്നുണ്ട്. പ്രഖ്യാപിച്ച തുക മുഴുവൻ നൽകുമെന്നും രാഹുൽ പറഞ്ഞു.

യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാനുള്ള പ്രായപരിധി 40 വയസ്സാക്കണമെന്ന് ദേശീയ കമ്മിറ്റിയോട് ആവശ്യപ്പെടുന്ന പ്രമേയം തള്ളി. സംസ്ഥാന കമ്മിറ്റിയിലോ ജില്ലാ കമ്മിറ്റിയിലോ അംഗമായ പലർക്കും അടുത്ത യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ഭാഗമാകാനാകുന്നില്ലെന്നും അത് സംഘടനയെ ബാധിക്കുന്നുവെന്നും കാണിച്ചാണ് പ്രമേയം അവതരിപ്പിച്ചത്.

എന്നാൽ, പുതുമുഖങ്ങൾ സംഘടനയിലേക്കു വരുന്നതു തടയാനുള്ള അജൻഡയുടെ ഭാഗമാണിതെന്നു വിമർശിച്ചാണ് തള്ളിയത്. 12 ജില്ലാഘടകങ്ങൾ ശക്തമായി എതിർക്കുകയായിരുന്നു. ഭാരവാഹികൾ ജനപ്രതിനിധികളായാൽ സ്ഥാനമൊഴിയണമെന്ന വിമർശനവും സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേ ഉയർന്നു. പാലക്കാട് ജില്ലാ കമ്മിറ്റിയിൽ നിന്നുള്ളവരാണ് ഇതുന്നയിച്ചത്. കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള ക്യാപ്റ്റൻ, മേജർ വിളി കോൺഗ്രസിന് നാണക്കേടുണ്ടാക്കിയെന്നും വിമർശനമുണ്ടായി.

കാംപസുകളിലെ അരാഷ്ട്രീയത യുവജനങ്ങളിലേക്കു പടരുന്നതായും സംഘടനാപ്രമേയം വിലയിരുത്തി. മന്ത്രിമാരുടെ പോസ്റ്റുകളിൽ ഒരേസമയം ലക്ഷക്കണക്കിന് യുവാക്കളുടെ പ്രതിഷേധം രേഖപ്പെടുത്തണമെന്നും പാലിയേറ്റീവ് രംഗത്തെ പ്രവർത്തനം ശക്തമാക്കണമെന്നും സംസ്ഥാനത്തുടനീളം രക്തദാനസേന രൂപവത്കരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.


