ആർഎസ്എസ് വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് തനിക്കെതിരേ പരാമർശങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം ചർച്ച ചെയ്തിട്ടില്ലെന്നും എം.വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആർഎസ്എസ് പരാമർശം സിപിഎം വോട്ട് കുറച്ചോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി സെക്രട്ടറിയെ കമ്മിറ്റി ഒന്നടങ്കം വിമർശിച്ചു, പിണറായി വിജയൻ ശാസിച്ചു എന്നൊക്കെയുള്ള വ്യാജ പ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ, എനിക്കെതിരേ ഒരു പരാമർശവും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. സത്യവിരുദ്ധവും കള്ളവുമായ വാർത്തയാണ് പ്രചരിപ്പിച്ചത്. എനിക്കെതിരെ ഒരാളും വിമർശനം ഉന്നയിച്ചിട്ടില്ല- അദ്ദേഹം പറഞ്ഞു.

എളമരം കരീമും പി. രാജീവും തനിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ല. പാർട്ടിക്കെതിരായ നീക്കങ്ങളാണ് മാധ്യമങ്ങൾ നടത്തുന്നത്. തനിക്കെതിരായ വാർത്തകളെ പാർട്ടിക്കെതിരായ വാർത്തയായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസുമായി സിപിഎം സഹകരിച്ചിട്ടുണ്ടെന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുമ്പ് അഭിമുഖത്തിലായിരുന്നു എ.വി ഗോവിന്ദൻ പറഞ്ഞത്. ഇത് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിൽ യു.ഡി.എഫ് വലിയ രീതിയിൽ ആയുധമാക്കി. പിന്നാലെ അദ്ദേഹത്തിനെതിരേ പാർട്ടിയിൽ നിന്നു തന്നെ വിമർശനം ഉയർന്നു. എം.വി ഗോവിന്ദൻ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് വ്യക്തമാക്കി അടുത്ത ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ തള്ളി രംഗത്തെത്തി. പാർട്ടിയുടെ വിശ്വാസ്യതയെയും രാഷ്ട്രീയ അടിത്തറയെയും ബാധിക്കുന്ന പ്രസ്താവന സെക്രട്ടറി തന്നെ നടത്തിയാൽ പാർട്ടിയുടെ കാര്യം എന്താകുമെന്ന ചോദ്യംവരെ ഇക്കാര്യത്തിൽ എം.വി ഗോവിന്ദനു നേർക്ക് ഉണ്ടായെന്ന് റിപ്പോർട്ടുണ്ടായിരുന്നു.



