നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചതിന് പിന്നാലെ വൈകാരിക ഫെയ്സ്ബുക്ക് പോസ്റ്റുമായി മലപ്പുറം മുൻഡിസിസി പ്രസിഡൻ്റ് വി.വി. പ്രകാശിന്റെ മകൾ നന്ദന പ്രകാശ്. ‘അച്ഛാ നമ്മൾ ജയിച്ചൂട്ടോ’, എന്ന വാക്കുകളാണ് നന്ദന ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. ‘അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പം’, എന്നും നന്ദന, വി.വി. പ്രകാശിന്റെ ഫോട്ടോയ്ക്കുതാഴെ നിൽക്കുന്ന ചിത്രത്തിനൊപ്പം കുറിച്ചു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പലതവണ നന്ദന പ്രകാശിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ ചർച്ചയായിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ പരിഗണിക്കുന്നുവെന്ന വാർത്തകൾക്കുപിന്നാലെ, ജീവിച്ചുമരിച്ച അച്ഛനേക്കാൾ ശക്തിയുണ്ട് മരിച്ചിട്ടും എന്റെ മനസിൽ ജീവിക്കുന്ന അച്ഛന്’, എന്ന നന്ദനയുടെ കുറിപ്പ് വലിയ ചർച്ചയായി. ‘ശരീരം വിട്ടുപിരിഞ്ഞെങ്കിലും അച്ഛൻ്റെ പച്ചപിടിച്ച ഓർമ്മകൾ ഓരോ നിലമ്പൂർക്കാരുടേയും മനസിൽ എരിയുന്നുണ്ട്. അതൊരിക്കലും കെടാത്ത തീയായി പടർന്നുകൊണ്ടിരിക്കും’, എന്നും അന്ന് നന്ദന കുറിച്ചു.

വോട്ടെടുപ്പ് ദിവസം, വി.വി. പ്രകാശ് ഇല്ലാത്ത ആദ്യത്തെ തിരഞ്ഞെടുപ്പാണെന്ന് ഓർമിപ്പിച്ചും നന്ദന പോസ്റ്റിട്ടിരുന്നു. യുഡിഎഫ് സ്ഥാനാർഥി വി.വി. പ്രകാശിന്റെ വീട്ടിൽ വോട്ടുചോദിക്കാനെത്താത്ത് എൽഡിഎഫ് ചർച്ചയാക്കാൻ ശ്രമിച്ചിരുന്നു. കുടുംബം തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനെത്തില്ലെന്നും ഇടത് സൈബർ കേന്ദ്രങ്ങൾ പ്രചരിപ്പിച്ചിരുന്നു.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു മലപ്പുറം ഡിസിസി അധ്യക്ഷൻ കൂടിയായിരുന്ന വി.വി. പ്രകാശ്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ രണ്ടുദിവസം ബാക്കിനിൽക്കെയായിരുന്നു വി.വി. പ്രകാശ് അന്തരിച്ചത്. തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന പി.വി. അൻവറിനോട് 2700 വോട്ടിനാണ് അദ്ദേഹം പരാജയപ്പെട്ടത്. വി.വി. പ്രകാശിന്റെ തോൽവിക്ക് കാരണം ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം പ്രവർത്തിച്ചതാണെന്ന് കോൺഗ്രസ് അണികൾക്കിടയിൽ അന്നേ ആരോപണമുണ്ടായിരുന്നു.



