പശ്ചിമേഷ്യയെ കൂടുതൽ ഭീതിയിലേക്ക് തള്ളിവിട്ടുകൊണ്ടാണ് അമേരിക്ക ഇറാനിലെ ആണവകേന്ദ്രങ്ങൾക്കുനേരെ ബോംബിട്ടത്. ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് യുദ്ധത്തിൽ അമേരിക്കയും പങ്കാളികളാകുന്നത്. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മുന്നറിയിപ്പും ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമീനിയുടെ മറുപടിയും സാഹചര്യം കടുപ്പിച്ചിരുന്നു. ഇറാനെതിരേ സൈനിക നടപടി വേണമോ എന്ന കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്നാണ് ട്രംപ് ജൂൺ 20 ന് അറിയിച്ചത്. എന്നാൽ പ്രഖ്യാപനം കഴിഞ്ഞ് രണ്ടുദിവസത്തിനകം ഇറാനെ വിറപ്പിച്ചുകൊണ്ട് യുഎസ് ആക്രമണം നടത്തി. ഇസ്രയേലിന്റെ സൈനിക നടപടികളിൽ നേരിട്ട് ഇടപെട്ടാൽ കനത്ത മറുപടി അമേരിക്കയ്ക്ക് ലഭിച്ചിരിക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനാൽ ഇറാൻ ഏതുതരത്തിൽ പ്രതികരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകരാഷ്ട്രങ്ങൾ.

ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളാണ് അമേരിക്ക ആക്രമിച്ചത്. ഇറാനിലെ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങളിൽ വിജയകരമായ ആക്രമണം പൂർത്തിയാക്കി എന്നാണ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലെ ആദ്യ പോസ്റ്റിൽ അവകാശപ്പെട്ടത്. ഇറാന്റെ ആണവകേന്ദ്രങ്ങളിൽ നടത്തിയ ആക്രമണം വൻ വിജയമായിരുന്നുവെന്ന് രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് ട്രംപ് പറഞ്ഞു. ‘യു.എസ് സൈന്യത്തിന്റെ സുപ്രധാന നേട്ടമാണിത്. ആണവായുധമുണ്ടാക്കാനുള്ള ഇറാന്റെ ശേഷി തകർക്കുകയായിരുന്നു ലക്ഷ്യം. അതുവഴി ലോകത്തെ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്പോൺസറായ ഇറാന്റെ ആണവഭീഷണിയും അവസാനിപ്പിക്കാനായിരുന്നു നടപടി. ദൗത്യം ഗംഭീര വിജയമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.

ഇറാനിയൻ ആണവ കേന്ദ്രങ്ങൾ യു.എസ് ആക്രമിക്കുമോ എന്നത് സംബന്ധിച്ച അഭ്യൂഹങ്ങൾ ദിവസങ്ങളോളം നിലനിന്നിരുന്നു. പിന്നാലെയാണ് ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ യുഎസിൻ്റെ നേരിട്ടുള്ള ഇടപെടൽ വരുന്നത്. ഓപ്പറേഷനിൽ ബി-2 സ്റ്റെൽത്ത് ബോംബറുകൾ ഉപയോഗിച്ചുവെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഉപയോഗിച്ച സ്ഫോടക വസ്തുക്കളുടെ വിശദാംശങ്ങൾ നൽകിയില്ല. വൈറ്റ് ഹൗസും പെന്റഗണും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതിനിടെ, ഫോർഡോയിലെ ആക്രമണങ്ങളിൽ യുഎസ് ആറ് ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ചെന്നും മറ്റ് ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ 30 ടോമാഹോക്ക് മിസൈലുകൾ പ്രയോഗിച്ചെന്നും ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന ഫോർഡോ ആണവ കേന്ദ്രത്തിലെ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രവിശ്യയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണിത്. ഫോർഡോ ആണവ കേന്ദ്രത്തിന്റെ ഒരു ഭാഗം തകർന്നുവെന്ന് ഇറാനിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആണവ കേന്ദ്രത്തിന്റെ ഒരു ഭാഗം ആക്രമിക്കപ്പെട്ടുവെന്ന് ഖോമിലെ ഒരു ഉദ്യോഗസ്ഥൻ ഇറാനിയൻ തസ്‌നിം വാർത്താ ഏജൻസിയോട് പറഞ്ഞതായി അൽ ജസീറയും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

ഇറാനെതിരെ സൈനിക ആക്രമണം നടത്തണോ വേണ്ടയോ എന്ന കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്നാണ് നേരത്തേ വൈറ്റ് ഹൗസ് അറിയിച്ചിരുന്നത്. സംഘർഷത്തിൽ അമേരിക്ക ഇടപെടൽ നടത്തുമെന്ന സൂചനകൾ കഴിഞ്ഞദിവസങ്ങളിൽ നൽകുകയും ചെയ്‌തു. ഇറാൻ കീഴടങ്ങണമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയത്. ഇറാന്റെ ആകാശത്തിനുമേൽ തങ്ങൾക്ക് പൂർണ്ണവും സമ്പൂർണ്ണവുമായ നിയന്ത്രണമുണ്ടെന്നും ട്രംപ് അന്ന് വ്യക്തമാക്കി.


