ഇരുചക്രവാഹനത്തിൽ മൂന്നുപേർ യാത്രചെയ്താൽ ഓടിക്കുന്നയാളിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇത്തരം നിയമലംഘനം കൂടുന്ന സാഹചര്യത്തിലാണു മോട്ടോർവാഹനവകുപ്പിൻ്റെ നടപടി. സാമൂഹികമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച ബോധവത്കരണം ശക്തമാക്കി.

ഇരുചക്രവാഹനത്തിൽ ഓടിക്കുന്ന വ്യക്തിതന്നെ ഒട്ടും സുരക്ഷിതനല്ലെന്നാണു വകുപ്പധികൃതർ പറയുന്നത്. പ്രത്യേക സാഹചര്യത്തിൽ ഡ്രൈവർക്കൊപ്പം പരമാവധി ഒരാൾക്കുകൂടി യാത്രചെയ്യാനേ നിയമം അനുവദിക്കുന്നുള്ളൂ.

എന്നാൽ, ഇരുചക്രവാഹനത്തിൽ മൂന്നുപേർ കയറി അഭ്യാസപ്രകടനം നടത്തുന്നതു കൂടുകയാണ്. ചിലപ്പോൾ ഇതിൽക്കൂടുതൽപ്പേർ കയറും. ഇത് അത്യന്തം അപകടകരമാണെന്ന് അധികൃതർ പറയുന്നു.

ഇൻഷുറൻസ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത്തരം യാത്ര കാരണമാകും. രണ്ടിൽക്കൂടുതൽപ്പേർ യാത്രചെയ്യുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കാനാണു തീരുമാനം.



