അമേരിക്കൻ ബുള്ളി എക്സ്എൽ നായ്ക്കളെ നിരോധിക്കാനൊരുങ്ങി ബ്രിട്ടൻ. അടുത്തിടെ 11 വയസ്സുകാരിയെ ഈ ഇനത്തിൽപ്പെട്ട ഒരു നായ അതിക്രൂരമായി ആക്രമിച്ചിരുന്നു. നായയെ നിരോധിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് അടിയന്തര ഉപദേശം തേടുകയാണെന്ന് ബ്രിട്ടൻ്റെ ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവർമാൻ പറഞ്ഞു.

ബർമിൻഹാം സ്വദേശിയായ പെൺകുട്ടിയെ ഒരാഴ്‌ച മുമ്പാണ് അമേരിക്കൻ ബുള്ളി ഇനത്തിൽപ്പെട്ട നായ ക്രൂരമായി ആക്രമിച്ചത്. പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേരും നായയുടെ ആക്രമത്തിന് ഇരയായിരുന്നു.
സംഭവത്തിൽ സാമൂഹികമാധ്യമത്തിലൂടെ തൻ്റെ നടുക്കവും ആശങ്കയും രേഖപ്പെടുത്തിയ ബ്രാവർമാൻ അമേരിക്കൻ ബുള്ളി എക്സ്എൽ ഇനത്തിൽപ്പെട്ട നായ കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് ഗുരുതരമായ ഭീഷണിയാണെന്ന് പറഞ്ഞു. ഇക്കാര്യത്തിൽ അടിയന്തരനടപടി സ്വീകരിക്കേണ്ട ആവശ്യകതയെക്കുറിച്ചും അവർ ഊന്നിപ്പറഞ്ഞു.
ഉടമയുടെ നിയന്ത്രണത്തിൽ നിന്ന് വിട്ടോടിയ നായ റോഡിലൂടെ പോകുകയായിരുന്ന പെൺകുട്ടിയെയാണ് ആക്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി സുഖം പ്രാപിച്ചുവരുന്നു. അമേരിക്കൻ പിറ്റ്ബുള്ളർ ഇനത്തിൽപ്പെട്ട നായക്കളുടെ പിൻഗാമിയായ ബുള്ളി നായ്ക്കളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങളായി ബ്രിട്ടനിൽ പ്രചാരണങ്ങൾ നടക്കുന്നുണ്ട്.
അക്രമസ്വഭാവം കാണിക്കുന്ന നായ്ക്കളെ പൊതുസ്ഥലത്ത് ഇറക്കുന്നത് തടയുന്നതിനായി ബ്രിട്ടനിൽ പ്രത്യേക നിയമം നിലവിലുണ്ട്. ഇത്തരത്തിൽ ആക്രമണം നടത്തുന്ന നായ്ക്കളെ പിടിച്ചെടുക്കുമെന്നും നിയമം വ്യക്തമാക്കുന്നു.

പിറ്റ്ബുൾ ടെറെയ്റർ, ജാപ്പനീസ് ടോസ, ഡോഗോ അർജൻ്റീന, ഫില ബ്രാസിലെയ്റോ എന്നീ നാല് ഇനങ്ങളിൽപ്പെട്ട നായ്ക്കളെ ബ്രിട്ടനിൽ നിരോധിച്ചിട്ടുണ്ട്. യുകെയിലെ കെന്നൽ ക്ലബ് എക്‌സൽ ബുള്ളിയെ ഒരു പ്രത്യേക ഇനമായി ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പ്രത്യേക ഇനങ്ങളിൽപ്പെട്ട നായകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, നായയുമായി ബന്ധപ്പെട്ട ഇത്തരം സംഭവങ്ങൾ തടയുന്നതിന് ഉടമസ്ഥർ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും നായകൾക്ക് മികച്ച പരിശീലനം നൽകണമെന്നും കെന്നൽ ക്ലബ് പറഞ്ഞു.


