ഗോവ, ഗുജറാത്ത്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ 10 രാജ്യസഭാ സീറ്റുകളിലേക്ക് ജൂലൈ 24ന് തെരഞ്ഞെടുപ്പ് നടക്കും. ബംഗാളിൽ ആറ് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഗുജറാത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെ മൂന്ന് പേരുടെ കാലാവധിയാണ് ആഗസ്റ്റ് എട്ടിന് പൂർത്തിയാകുന്നത്. ഗോവയിൽ ഒരു സീറ്റിലേക്കാണ് വോട്ടെടുപ്പ്.
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിലെ ഡെറിക് ഒബ്റിയൻ, സുമിത് ദേവ്, ഡോളസെൻ കോൺഗ്രസിലെ പ്രദീപ് ഭട്ടാചാര്യ എന്നിവരുടെ കാലാവധി ആഗസ്റ്റ് 18നാണ് പൂർത്തിയാകുന്നത്.

294 അംഗ ബംഗാൾ നിയമസഭയിലെ 220 സീറ്റുള്ള തൃണമൂൽ കോൺഗ്രസിന് അഞ്ച്
അംഗങ്ങളെ വിജയിപ്പിക്കാനാകും. നിലവിൽ ബി.ജെ.പിയും കോൺഗ്രസും കഴിഞ്ഞാൽ
രാജ്യസഭയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പാർട്ടി ടി.എം.സിയാണ്. തെരഞ്ഞടുപ്പ്
കഴിഞ്ഞാലും ഈ പദവിക്ക് ഇളക്കം തട്ടില്ല. അതേസമയം, 77 അംഗങ്ങളുള്ള ബി.ജെ.പിക്ക്
ആദ്യമായി ഒരംഗത്തെ ബംഗാൾ വഴി രാജ്യസഭയിൽ എത്തിക്കാൻ കഴിയും.

രണ്ട് വട്ടം എം.പിയായ കോൺഗ്രസിലെ പ്രദീപ് ഭട്ടാചാര്യയുടെ കാലാവധിയും കഴിയുകയാണ്. എന്നാൽ ബംഗാൾ നിയമസഭയിൽ ഒരു സീറ്റ് പോലുമില്ലാത്ത കോൺഗ്രസിന് അടുത്തകാലത്തൊന്നും ബംഗാളിൽ നിന്ന് ഒരംഗത്തെ രാജ്യസഭയിലേക്ക് എത്തിക്കാൻ കഴിയില്ല.
ജൂലൈ ആറിന് വിജ്ഞാപനം പുറത്തിറങ്ങും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ജൂലൈ 13 വരെയാണ്. 24ന് നടക്കുന്ന വോട്ടെടുപ്പിന് ശേഷം വൈകിട്ട് അഞ്ച് മണിയോടെ ഫലം പ്രഖ്യാപിക്കും.


