വാഹന ഇന്ധനമായി ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന പ്രധാനകേന്ദ്രമായി മാറാൻ കേരളം നടപടി തുടങ്ങി. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ഇതിന് ഫണ്ട് നീക്കിവെച്ചതിനു പിന്നാലെ വിശദമായ പദ്ധതിരേഖ തയ്യാറാക്കാനുള്ള ശ്രമമാണ് തുടങ്ങിയിരിക്കുന്നത്. ഊർജവകുപ്പ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ എനർജി മാനേജ്മെന്റ് സെന്റർ ഇതിനു നേതൃത്വം നൽകും. മൊത്തം ചുമതല അനർട്ടിനാണ്.

കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ ‘ഹൈഡ്രജൻ വാലി പദ്ധതിക്കായി തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മന്ത്രാലയം ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി 30 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കും അനുമതിയായി. പദ്ധതി നടപ്പാക്കുകവഴി സംസ്ഥാനത്ത് ഹൈഡ്രജൻ അധിഷ്ഠിത പരിസ്ഥിതിവ്യവസ്ഥ രൂപപ്പെടുമെന്നാണ് വിലയിരുത്തൽ.
നിലവിൽ ട്രാവൻകൂർ-കൊച്ചിൻ കെമിക്കൽസടക്കമുള്ള സ്ഥാപനങ്ങൾ ഹൈഡ്രജൻ നിർമിക്കുന്നുണ്ട്. ഉപോത്പന്നമെന്ന നിലയിലാണ് നിർമാണം. ഇവിടെ ബോയിലറുകൾ പ്രവർത്തിപ്പിക്കാനും ഹൈഡ്രജൻ ഉപയോഗിക്കുന്നു. ഇവിടെനിന്നുള്ള ഹൈഡ്രജൻ ശുദ്ധീകരിച്ച് മൂല്യവർധിത ഉത്പന്നമാക്കി വാഹനങ്ങളിൽ ഉപയോഗപ്പെടുത്താനുള്ള പദ്ധതിരേഖയാണ് എനർജി മാനേജ്മെന്റ് സെന്റർ തയ്യാറാക്കിയത്.
രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി വൈറ്റില മൊബിലിറ്റി ഹബ്ബിൽ ഹൈഡ്രജൻ ഫില്ലിങ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ ചർച്ച കഴിഞ്ഞു. സ്റ്റേഷൻ വരുന്നതോടെ ഹൈഡ്രജൻ നിറച്ച് ഓടിക്കുന്ന വാഹനങ്ങളും വ്യാപകമാകും. ഒരുകിലോ ഹൈഡ്രജന് 430 രൂപയാണ് നിലവിലെ വില. ഉത്പാദനം കൂടുന്നതനുസരിച്ച് വിലയിൽ കുറവുണ്ടാകും. തുടർന്നുള്ള ഘട്ടത്തിൽ കൊച്ചി വാട്ടർ മെട്രോയുടെ ബോട്ടുകൾ ഹൈഡ്രജൻ ഉപയോഗിച്ച് ഓടിക്കാനാണ് ആലോചന. ഇത്തരം ബോട്ടുകൾ കൊച്ചിൻ ഷിപ്പ്യാർഡിൽ വികസിപ്പിക്കുന്നുണ്ട്. അതിന്റെ ഫില്ലിങ് സ്റ്റേഷനും വൈറ്റിലയിലേതാകും.

വലിയ നിക്ഷേപസാധ്യതയുള്ള വ്യവസായമായി ഹൈഡ്രജൻ ഉത്പാദനം മാറ്റിയെടുക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. ഹൈഡ്രജൻ ഉത്പാദനത്തിന് കേരളത്തിലെ ജലസ്രോതസ്സുകൾ ഉപയോഗപ്പെടുത്താനുള്ള സാധ്യതയും പരിശോധിക്കുന്നു. വിഴിഞ്ഞം തുറമുഖത്ത്, ഇന്ധനമായി ഹൈഡ്രജൻ ഉപയോഗിക്കുന്ന കപ്പലുകൾ ഭാവിയിൽ എത്താനിടയുണ്ട്. ഉത്പാദനം കൂട്ടി വിഴിഞ്ഞത്തും ഫില്ലിങ് സ്റ്റേഷനുകൾ തുറക്കുന്നതിനെപ്പറ്റി ചർച്ച തുടങ്ങിയിട്ടുണ്ട്.


