മാസങ്ങൾ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ ധ്യാനത്തിനും ശേഷം വീണ്ടും ഭരണ നിർവഹണജോലിയിലേക്ക് പ്രവേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിറ്റ് പോൾ ഫലങ്ങൾ എൻ.ഡി.എയ്ക്കും ബി.ജെ.പിക്കും വലിയ ആത്മവിശ്വാസം നൽകിയ സാഹചര്യത്തിൽ ഉദ്യോഗസ്ഥതല യോഗം വിളിച്ചിരിക്കുകയാണ് മോദി.
ഹാട്രിക് സർക്കാർ മോദി 3.0 സംഭവിക്കുമെന്ന കണക്കുകൂട്ടലിൽ ആദ്യ നൂറ് ദിവസത്തെ പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണമെന്നതാണ് യോഗത്തിലെ പ്രധാന അജണ്ടയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അവധി ദിവസമായിട്ട് പോലും ഞായറാഴ്‌ചയാണ് യോഗം വിളിച്ചിരിക്കുന്നത്. ജൂൺ 16-ാം തീയതിയാണ് 17-ാം ലോക്‌സഭയുടെ കാലാവധി അവസാനിക്കുന്നത്.
തിരഞ്ഞെടുപ്പ് കാമ്പയിൻ പ്രവർത്തനങ്ങൾക്ക് പോവുന്നതിന് മുമ്പെ തന്നെ ഇനിയുള്ള ദിവസങ്ങൾ മോദി 3.0 വിന് വേണ്ടിയുള്ള ഹോംവർക്കായിരിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് മോദി നിർദേശം നൽകിയിരുന്നു. പ്രധാന തീരുമാനങ്ങളെല്ലാം ആദ്യ നൂറ് ദിവസത്തിലായിരിക്കുമെന്നും അതിനുള്ള തയ്യാറെടുപ്പ് ഉണ്ടായിരിക്കണമെന്നുമാണ് മോദി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് റിവ്യൂ യോഗം. പുതിയ മോദി സർക്കാരിൻ്റെ ഭാഗമായി നിർണായക ഉദ്യോഗസ്ഥരുടെ നിയമനങ്ങളെ സംബന്ധിച്ചും യോഗത്തിൽ ധാരണയുണ്ടാവും. 18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ യഥാർഥ ഫലം ചൊവ്വാഴ്ചയാണ് വരുന്നതെങ്കിലും അതിനായി കാത്ത് നിൽക്കേണ്ടെന്നാണ് ബി.ജെ.പി നേതൃത്വത്തിൻ്റേയും നിർദേശം.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി വീണ്ടും ഡോ.പി.കെ മിശ്ര, ദേശീയ സുരക്ഷാഉപദേശകൻ അജിത് ഡോവൽ എന്നിവർ വീണ്ടും പുതിയ മോദിസർക്കാർ അധികാരത്തിലെത്തിയാൽ സ്ഥാനത്തുണ്ടാവുമെന്നാണ് കണക്കുകൂട്ടന്നത്. പ്രധാനമന്ത്രിയെ സംബന്ധിച്ച് രണ്ട് ഉദ്യോഗസ്ഥരും ഒഴിവാക്കിക്കൂടാനാവാത്ത നിയമനങ്ങളായിട്ടാണ് കണക്കുകൂട്ടപ്പെടുന്നത്. ഇതിന് പുറമെ പുതിയ സൈനിക തലവൻ, ഇന്റലിജൻസ് ഡയറക്‌ടർ എന്നിവരുടെ നിയമനങ്ങളും ആദ്യ ഘട്ടത്തിലുണ്ടാവും.
മോദിയുടെ നിർദേശ പ്രകാരം മോദി 3.0 സർക്കാരിലേക്കുള്ള നിർണായ തീരുമാനങ്ങൾ സംബന്ധിച്ചുള്ള അജണ്ട ഉദ്യോഗസ്ഥർ തയ്യാറാക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇത് സംബന്ധിച്ചും യോഗത്തിൽ ചർച്ചയുണ്ടാവും.


